Quantcast

വർഗീയതക്കെതിരെ വർഗീയത വേണ്ടെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ തനിമ തകർക്കാനുള്ള ശ്രമം ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 Dec 2021 3:07 PM GMT

വർഗീയതക്കെതിരെ വർഗീയത വേണ്ടെന്ന് മുഖ്യമന്ത്രി
X

വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടുകയല്ല വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐയും ആർ എസ്എസും മതനിരപേക്ഷത തകർക്കുകയാണ്. കേരളത്തിന്റെ തനിമ തകർക്കാനുള്ള ശ്രമം ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്‌ലിം ലീഗ് സമൂഹത്തിൽ വർഗീയ നിറം പകർത്താൻ നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് വിഷയത്തിൽ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടുമതി എന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്‌ലിം ലീഗ് യു.ഡി.എഫിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് ചിലപ്പോൾ അവർ കരുതുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മുസ്‌ലിംകൾക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ നോക്കി. ലീഗിൻ്റെ സമ്മേളനത്തിലെ ആൾക്കൂട്ടം സ്വയംഭൂവായി ഉണ്ടായതാണെന്ന് അവർ പ്രചരിപ്പിച്ചു. മുസ്‌ലിമിൻ്റെ വികാരം പ്രകടിപ്പിക്കാൻ എന്ന് പറഞ്ഞ് എത്തിയവർ വിളിച്ച മുദ്രാവാക്യങ്ങൾ നിങ്ങൾ കേട്ടില്ലേ. സമ്മേളനത്തിൽ തൻ്റെ അച്ഛൻ്റെ പേരും വലിച്ചിഴച്ചു.

നാടിൻ്റെ വികസത്തിനെതിരെ പ്രതിപക്ഷം നിൽക്കുന്നു. ഇപ്പൊ വേണ്ട എന്ന് അവർ പറയുന്നു. ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. ​ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലേ. ഒരു നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്. വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാൻ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നിൽ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിൻ്റെ അടിസ്ഥാനം എന്താണ്. നിങ്ങളുള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യു ഡി എഫ് പറയുന്നത്. എതിർപ്പ് ഉണ്ടെന്നു കരുതി കെ റെയിലിൽ നിന്ന് പിന്മാറില്ല.

രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നു. സംഘപരിവാറിനെ നേരിടാൻ അവർ മതിയെന്ന് ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികൾ കരുതുന്നു. തങ്ങൾ എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ് ഡി പി ഐ കരുതുന്നത്. എസ് സി പി ഐ യും ആർ എസ് എസും പരസ്പരം വളമാകുന്നു. വലിയ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

ഒമിക്രോണിൽ നല്ല ജാഗ്രത കാണിക്കണം. വാക്സിനെടുക്കാത്തവർ വേഗം എടുക്കണം. ബിജെപിയെ നേരിടുന്നതിൽ പ്രാദേശിക പാർട്ടികളെ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത്. അതിനൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാകും. കണ്ണൂരിൽ ചേരാൻ പോകുന്ന പാർട്ടി കോൺഗ്രസിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറപ്രത്ത് സിപിഎം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Summary : CM says no to communalism against communalism

TAGS :

Next Story