Quantcast

'മകൾക്ക് ഐടി കമ്പനി തുടങ്ങാൻ മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി'; സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വർണം കടത്തിയെന്ന് കരുതപ്പെടുന്ന ബിരിയാണി പാത്രങ്ങൾ കൊണ്ടുപോയത് വലിയ കാറുകളിലായിരുന്നുവെന്നും ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച ചാറ്റുകൾ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും സ്വപ്‌ന

MediaOne Logo

Web Desk

  • Updated:

    2022-06-15 13:10:30.0

Published:

15 Jun 2022 12:11 PM GMT

മകൾക്ക് ഐടി കമ്പനി തുടങ്ങാൻ മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി; സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
X

കൊച്ചി: മകൾ വീണക്ക് ഗൾഫിൽ ഐടി കമ്പനി തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഷാർജ ഭരണാധികാരിയുടെ സഹായം തേടിയതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ പരാമർശം. എന്നാൽ ഷാർജ രാജകുടുംബത്തിന്റെ എതിർപ്പ് കാരണം ബിസിനസ് നടന്നില്ലെന്നും സ്വപ്‌ന സത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ ബിസിനസ് സംബന്ധിച്ച് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയ്ക്കും മകൾ വീണക്കും ഒപ്പം നളിനിനെറ്റോയും ശിവശങ്കറും പങ്കെടുത്തുവെന്നും സ്വപ്‌ന പറഞ്ഞു. സെപ്തംബർ 26 ന് ഷാർജ ഭരണാധികാരി എത്തിയപ്പോൾ ബിസിനസ് സംബന്ധിച്ച് ചർച്ച നടന്നുവെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

സ്വർണം കടത്തിയെന്ന് കരുതപ്പെടുന്ന ബിരിയാണി പാത്രങ്ങൾ കൊണ്ടുപോയത് വലിയ കാറുകളിലായിരുന്നുവെന്നും ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച ചാറ്റുകൾ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി. ആ ഫോൺ എൻഐഎയുടെ കസ്റ്റഡിയിലാണെന്നും ഈ ചാറ്റുകൾ എൻഐഎ റിട്രീവ് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ബിരിയാണി ചെമ്പ് കൊടുത്തുവിട്ടത് കോൺസൽ ജനറലിന്റെ ഓഫീസിൽനിന്നായിരുന്നുവെന്നും പാത്രങ്ങൾ ക്ലിഫ് ഹൗസിൽ എത്തുന്നതുവരെ കോൺസൽ ജനറൽ അസ്വസ്ഥനായിരുന്നുവെന്നും പറഞ്ഞു. എന്നാൽ സംഭവത്തിൽ തെളിവില്ലെന്ന് പറഞ്ഞ് അക്കാര്യത്തിൽ തുടരന്വേഷണം ഉണ്ടായില്ലെന്നും മൊഴിയിൽ ചൂണ്ടിക്കാട്ടി.

തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് മറുപടിയുമായി സ്വപ്ന സുരേഷ് നേരത്തെ രംഗത്ത് വന്നിരുന്നു. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സ്വപ്ന മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയത്. 'ഞാൻ ജയിലിൽ കിടക്കുമ്പോൾ ഈ വിവാദ വനിതയെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നെ അദ്ദേഹത്തിന് അറിയില്ല എന്ന് പറയുന്നത് കള്ളമാണ്. ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ഭാര്യയും ഒരുമിച്ച് ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ട്'- സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രി ഷാജ് കിരണെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയായിരുന്നു. ഷാജ് കിരണെ അയച്ചത് മുഖ്യമന്ത്രി തന്നെയാണ് എന്ന് സ്വപ്ന ആവർത്തിച്ചു. എത്ര കേസ് തനിക്കെതിരെ എടുത്താലും 164 മൊഴിയിൽ ഉറച്ചു നിൽക്കുമെന്നും പിന്മാറാൻ തന്നെ കൊല്ലണമെന്നും സ്വപ്ന കൂട്ടിച്ചേർത്തു. ഷാജ് കിരൺ വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ് പറഞ്ഞു. രഹസ്യമൊഴിയിലെ വിവരങ്ങൾ സിപിഎം നേതാക്കൾക്ക് എങ്ങനെ കിട്ടി എന്നും കെടി ജലീലിന് പരാതി നൽകാൻ എന്താണ് ഇത്ര ധൃതി എന്നും അദ്ദേഹം ചോദിച്ചു.

ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് രംഗത്ത് വന്നിരുന്നു. ക്ലിഫ് ഹൗസിൽ എത്തി സ്വപ്ന കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 13 ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് പി എം മനോജിന്റെ വിശദീകരണം.

'ജവഹർ നഗറിൽനിന്ന് ക്ലിഫ് ഹൗസിലെത്തിയ ബിരിയാണി ചെമ്പുകൾ'

കോൺസുലേറ്റ് ജനറലിന്റെ വസതിയിൽനിന്ന് സ്ഥിരമായി ബിരിയാണി ചെമ്പുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സ്ഥിരമായി എത്താറുണ്ടെന്ന് സ്വപ്‌ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ ജവഹർ നഗറിലുള്ള കോൺസുലേറ്റ് ജനറലിന്റെ വസതിയിൽനിന്നാണ് പല തവണ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകളെത്തിയത്. എന്നാൽ, ബിരിയാണി ചെമ്പിനകത്ത് എന്താണുണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നതിനു പകരം കൂടുതൽ ദുരൂഹതയ്ക്ക് വകനൽകുന്ന തരത്തിലുള്ള സൂചന നൽകുകയാണ് സ്വപ്‌ന ചെയ്തിരിക്കുന്നത്. ബിരിയാണി ചെമ്പിനകത്ത് ബിരിയാണി മാത്രമല്ല ഉണ്ടായിരുന്നതെന്നും ഭാരമുള്ള ലോഹവസ്തുക്കളടക്കമുള്ളവയുണ്ടായിരുന്നുവെന്നുമാണ് അവർ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ജയശങ്കറിന്റെ നിർദേശപ്രകാരമാണ് ഈ ചെമ്പുകൾ കോൺസുലേറ്റ് ജനറലിന്റെ വസതിയിൽനിന്ന് ക്ലിഫ്ഹൗസിലെത്തിയതെന്നും സ്വപ്‌ന ആരോപിച്ചു.

'കറൻസികളടങ്ങിയ ബാഗ് ദുബൈയിലേക്ക് കടത്തി'

മുഖ്യമന്ത്രിയായ വർഷം ആദ്യമായി നടത്തിയ ദുബൈ സന്ദർശനത്തിനിടെ നാട്ടിൽ മറന്നുവച്ച ബാഗ് കൊടുത്തയക്കാനായാണ് ആദ്യമായി ശിവശങ്കർ ബന്ധപ്പെടുന്നതെന്നും സ്വപ്‌ന പറഞ്ഞു. മുഴുവൻ കറൻസികളടങ്ങിയ ബാഗ് കോൺസുലേറ്റ് ഉദ്യോസ്ഥർ വഴി കൊടുത്തയച്ചതായും വെളിപ്പെടുത്തലുണ്ട്. 2016ൽ മുഖ്യമന്ത്രി ദുബൈയിലെത്തിയ സമയത്താണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നതെന്ന് സ്വപ്‌ന പറഞ്ഞു. കോൺസുലേറ്റിൽ സെക്രട്ടറിയെന്ന നിലയ്ക്കായിരുന്നു ശിവശങ്കർ ബന്ധപ്പെട്ടത്. മുഖ്യമന്ത്രി ഒരു ബാഗ് നാട്ടിൽ മറന്നുപോയിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് ദുബൈയിൽ എത്തിക്കണമെന്നായിരുന്നു ആവശ്യം.

അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈവശം ബാഗ് കൊടുത്തുവിട്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി. ബാഗ് കോൺസുലേറ്റ് ഉദ്യോസ്ഥൻ കൊണ്ടുവന്നപ്പോഴാണ് അത് കറൻസിയാണെന്ന് മനസിലാക്കുന്നത്. സ്‌കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് അറിയുന്നതെന്നും സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ കുടംബത്തിനും മുൻ മന്ത്രി കെ.ടി ജലീൽ അടക്കമുള്ളവർക്കുമെതിരെ രഹസ്യമൊഴിൽ സ്വപ്‌ന വിവരങ്ങൾ നൽകി. കേസുമായി ബന്ധപ്പെട്ട് ഇവരുടെ ഇടപെടലും ഇവർ ചെയ്ത കാര്യങ്ങളുമാണ് മൊഴിയിലുള്ളതെന്നാണ് പറഞ്ഞു. മുഖ്യമന്ത്രിക്കും ശിവശങ്കറിനും പുറമെ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരെക്കുറിച്ചെല്ലാം മൊഴിനൽകിയിട്ടുണ്ടെന്ന് സ്വപ്‌ന പുറത്തുവിട്ടിരുന്നു.



CM seeks help of Sharjah ruler to start daughter's business; Swapna

TAGS :

Next Story