Quantcast

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പി. ശശിയെ ലക്ഷ്യമിട്ടവർക്കുള്ള മുന്നറിയിപ്പ്

പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പാർട്ടിക്കുള്ളിൽ നടക്കാൻ സാധ്യതയുള്ള അന്വേഷണത്തിന് തടയിടുന്ന തരത്തിൽ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

MediaOne Logo

Web Desk

  • Published:

    22 Sep 2024 12:44 AM GMT

Pinarayi supports P Sasi
X

തിരുവനന്തപുരം: പി. ശശിയെ ലക്ഷ്യംവെച്ചിറങ്ങിയ പാർട്ടിയിലെ ഒരു വിഭാഗത്തിനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനം. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പാർട്ടിക്കുള്ളിൽ നടക്കാൻ സാധ്യതയുള്ള അന്വേഷണത്തിന് തടയിടുന്ന തരത്തിൽ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. എന്നാൽ പാർട്ടിക്ക് ലഭിച്ച പരാതിയിൽ അന്വേഷണം വേണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം...

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഗുരുതരാരോപണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചെങ്കിലും, പിവി അൻവർ പാർട്ടിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പി. ശശിയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പാർട്ടിക്ക് കിട്ടിയ പരാതിയിൽ പേരില്ലാത്തതുകൊണ്ട് പരിശോധന നടത്താൻ കഴിയില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് പാർട്ടി സെക്രട്ടറി തുടർച്ചയായി പറയുകയും ചെയ്തു.

ഇതോടെ പി. ശശിക്കെതിരെ വിശദമായ പരാതി പി.വി അൻവർ സിപിഎം നേതൃത്വത്തിന് നൽകി. സ്വർണക്കടത്തുകാരുമായുള്ള ബന്ധം, അജിത് കുമാറിനൊപ്പം ചേർന്ന് ഷാജൻ സ്കറിയയെ കേസിൽ നിന്ന് ഒഴിവാക്കിയത് അടക്കമുള്ളതാണ് അൻവർ നൽകിയ പരാതിയിലുള്ള വിവരങ്ങൾ എന്നാണ് സൂചന. പാർട്ടിക്ക് പരാതി കിട്ടിയതുകൊണ്ട് പരിശോധിക്കാതെ വിട്ടുകളയാൻ കഴിയില്ല. സമ്മേളന കാലമായതുകൊണ്ട് കമ്മീഷനെവെക്കുന്ന രീതി സിപിഎമ്മിൽ ഇല്ല. അല്ലാതെ പരിശോധിക്കാനായിരുന്നു പാർട്ടി ആലോചിച്ചത്. എന്നാൽ പി. ശശി മാതൃകാപരമായിട്ടാണ് ഇടപെടുന്നതെന്നും, ഒരു പരിശോധനയും ഇക്കാര്യത്തിൽ വേണ്ട എന്നുമുള്ള മുഖ്യമന്ത്രിയുടെ വാചകങ്ങൾ സിപിഎം നേതൃത്വത്തിന് കൂടിയുള്ള അറിയിപ്പാണ്.

എന്നാൽ പാർട്ടി നേതൃത്വം അതിന് വഴങ്ങിക്കൊടുക്കാനുള്ള സാധ്യത കുറവാണ്. ഒരു പാർട്ടി കേഡറിനെതിരെ പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കുന്ന സംഘടനാ രീതി ശശിയുടെ കാര്യത്തിലും തുടർന്നുകൊണ്ട് പോകണമെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നിലപാട്. അതുകൊണ്ട് പി.വി അൻവർ പി. ശശിക്കെതിരെ പാർട്ടിക്ക് നൽകിയ പരാതി പരിശോധിക്കപ്പെടാനാണ് സാധ്യത. പി. ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ സിപിഎം പാർട്ടി സമ്മേളനങ്ങളിലും കൂടുതൽ സജീവ ചർച്ചയായി വരും ദിവസങ്ങളിൽ ഉയരും.

TAGS :

Next Story