വരുമാനത്തിനനുസരിച്ച് ശമ്പളം; കെഎസ്‌ആർടിസിയിലെ തൊഴിലാളി യൂണിയനുകളുമായി സിഎംഡി ബിജു പ്രഭാകറിന്റെ ചർച്ച ഇന്ന്
കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നലെയാണ് വിതരണം ചെയ്തത്
തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി സിഎംഡി ബിജു പ്രഭാകര്‍ ഇന്ന് ചര്‍ച്ച നടത്തും. വരുമാനത്തിനനുസരിച്ചേ ശമ്പളം നല്‍കൂ എന്ന നിര്‍ദേശം വന്നതിനു പിന്നാലെയാണ് അടിയന്തര യോഗം വിളിച്ചത്. നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് ഭരണ പ്രതിപക്ഷ യൂണിയനുകളുടെ നിലപാട്. ഓരോ ഡിപ്പോകള്‍ക്കും ടാര്‍ഗറ്റ് നല്‍കി വരുമാനം വര്‍ധിപ്പിക്കാനാണ് ഗതാഗത മന്ത്രി മാനേജ്മെന്‍റിന് നൽകിയ നിര്‍ദേശം. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നലെയാണ് വിതരണം ചെയ്തത്.
അതേസമയം, ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന കെഎസ്ആർടിസി ജീവനക്കാരുടെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജനുവരി മാസത്തിലെ ശമ്പളം മുഴുവൻ ജീവനക്കാർക്കും വിതരണം ചെയ്തതായി കെ.എസ്.ആർ ടി സി ഇന്ന് കോടതിയെ അറിയിക്കുമെന്നാണ് വിവരം. ബുധനാഴ്ചക്ക് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് കഴിഞ്ഞയാഴ്ച്ച സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ശമ്പളം നൽകാൻ സാധിച്ചില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടണമെന്ന വിമർശനവും കോടതി നടത്തിയിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹരജികളിൽ വാദം കേൾക്കുക.
ജീവനക്കാർക്ക് ഏപ്രിൽ മുതൽ ശമ്പളം വരുമാനത്തിനനുസരിച്ച് മാത്രമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ കഴിഞ്ഞ ആഴ്ചയാണ് അറിയിച്ചത്. കൂടുതൽ വരുമാനം ലഭിച്ചാൽ അതിനനുസൃതമായി ശമ്പളം നൽകുമെന്നും ഫണ്ടില്ലാത്തതിനെ കുറിച്ച് ഒരു ജീവനക്കാരൻ പോലും വേവലാതിപ്പെടുന്നില്ലെന്നും അധികൃതർ പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വരുമാനം വർധിപ്പിക്കാനുള്ള മാനേജ്‌മെന്റ് നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുകയാണെന്നും ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി പറഞ്ഞു.
Adjust Story Font
16