ഗവർണർക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി നാളെ; രാവിലെ വാർത്താസമ്മേളനം
പാലക്കാട് രാവിലെ 10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: ഗവർണർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മറുപടി നൽകും. നാളെ വാർത്താസമ്മേളനം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. പാലക്കാട് രാവിലെ 10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
സർവകലാശാല വിസിമാരോട് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടതിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നിർണായക നീക്കം. കേരള സർവകലാശാല വി.സിയോട് ഗവർണർ നേരിട്ടു വിളിച്ച് രാജി ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നെ രാജിവെക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം.
പകരം ചുമതല ആരോഗ്യ സർവകലാശാല വി.സിക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ രാജിവെക്കില്ലെന്നും പുറത്താക്കണമെങ്കിൽ ആവാമെന്നുമാണ് വി.സിയുടെ പ്രതികരണം. നാളെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേരളാ വി.സിയോട് ഇന്ന് രാജിയാവശ്യപ്പെട്ടത്. വി.സി രാജിയാവശ്യം നിരസിച്ചതോടെ ഗവർണർ വി.സിമാരുടെ കൂട്ട രാജ്യാവശ്യപ്പെട്ട് രംഗത്തെത്തി.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കണമെന്നാണ് ആവശ്യം. സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിന്റെ പിൻബലത്തിലാണ് ഗവർണർ മറ്റു സർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.
Adjust Story Font
16