പൊതുവിപണയിൽ വെളിച്ചെണ്ണയുടെ വില കുതിച്ചുയരുമ്പോളും പ്രതിസന്ധിയിലായി സംസ്ഥാനത്തെ നാളികേര കർഷകർ
നാളികേര വികസന ബോർഡുമായി ചേർന്ന് കൃഷി വകുപ്പ് വിഷയത്തിൽ ശരിയായ പഠനം നടത്തണം
കോട്ടയം: പൊതുവിപണയിൽ വെളിച്ചെണ്ണയുടെ വില കുതിച്ചുയരുമ്പോളും പ്രതിസന്ധിയിലായി സംസ്ഥാനത്തെ നാളികേര കർഷകർ. പച്ചതേങ്ങയുടെയും കൊപ്രയുടെയും വിലയിടിവും നാളികേര സംഭരണത്തിലെ പാളിച്ചകളുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. നിരന്തരം പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന സർക്കാർ കർഷകരെ സഹായിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
കാലാവസ്ഥ മാറ്റത്തെ തുടർന്നും കീടബാധയെ തുടർന്നും സംസ്ഥാനത്തെ നാളികേര കർഷകർ വർഷങ്ങളായി പ്രതിസന്ധിയിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുണമേന്മ കുറഞ്ഞ നാളികേരവും വെളിച്ചെണ്ണയും കൂടിയെത്തിയതോടെ പിടിച്ച് നിൽക്കാനാകുന്നില്ല. ഒരു തേങ്ങ ഉത്പാദിപ്പിക്കുന്നതിന് 1 രൂപ മാത്രം കൃഷി വകുപ്പ് ചിലവ് കണക്കാക്കുമ്പോഴാണ് യാഥാർഥ ചിലവ് 25 മുതൽ 30 രൂപ വരെ വരും. എന്നാൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള 31 രൂപയെന്ന സംഭരണ വിലപോലും പലപ്പോഴും കർഷകർക്ക് ലഭിക്കാറില്ല.
ഉത്പാദന ചിലവിന് പിന്നാലെ തെങ്ങ് കയറ്റ കൂലിയും ചുമട്ടുകൂലിയും കർഷകർ തന്നെ വഹിക്കണം. ഇതെല്ലാം സഹിച്ചും തേങ്ങയും കൊപ്രയും വിറ്റഴിക്കാൻ ശ്രമിക്കുമ്പോഴും വിലയിടിവ് തിരിച്ചടിയാകും. സംസ്ഥാന നാളികേര കൃഷിയിൽ വൻ കുറവുണ്ടായെങ്കിലും കർഷകരിൽ ചിലർ പിടിച്ച് നിന്നു . എന്നാൽ ഇത്തരക്കാർക്ക് പോലും ആശ്രയിക്കാനാവശ്യമായ സംഭരണ കേന്ദ്രങ്ങൾ സംസ്ഥാനത്തില്ലെന്നും കർഷകർ പറയുന്നു.
നാളികേര വികസന ബോർഡുമായി ചേർന്ന് കൃഷി വകുപ്പ് വിഷയത്തിൽ ശരിയായ പഠനം നടത്തണം. വിപണി വിലക്കൊപ്പം പിടിച്ച് നിൽക്കാനാവും വിധം താങ്ങ് വില പ്രഖ്യാപിക്കണം, വിവിധ സ്ഥലങ്ങളിലെ ഉത്പാദനം കണക്കാക്കി ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങൾ തുറക്കണം. കാലങ്ങളായി ഒട്ടേറെ പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നുണ്ടെങ്കിലും ഇത് കേൾക്കാനോ നടപടികൾ സ്വീകരിക്കാനോ സർക്കാരുകൾ തയ്യാറാകുന്നില്ലെന്നാണ് കർഷകർ ഉന്നയിക്കുന്ന പരാതി.
Adjust Story Font
16