ഗോപൻ സ്വാമിയുടെ കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് കലക്ടര്‍
തുടർ നടപടി പൊലീസുമായി ആശയ വിനിമയം നടത്തിയ ശേഷമായിരിക്കുമെന്നും കലക്ടർ അറിയിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാതെ ജില്ലാ ഭരണകൂടം. അനുയോജ്യമായ സമയത്ത് കല്ലറ പൊളിക്കാനാണ് തീരുമാനം. സ്ഥലത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാകില്ലെന്ന് പൊലീസ് കലക്ടറെ അറിയിച്ചു. കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബം നിയമപരമായ നടപടികൾ തുടങ്ങി.
ഇനിയൊരു ഉത്തരവോ നോട്ടീസോ ജില്ലാ ഭരണകൂടം ഇറക്കില്ല. സാഹചര്യം കണക്കിലെടുത്ത് സമാധാന അന്തരീക്ഷത്തിൽ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കും. കഴിഞ്ഞദിവസം ഉണ്ടായത് പോലെ ക്രമസമാധാനം പ്രശ്നം ഉണ്ടാവില്ല എന്ന് ഉറപ്പാക്കിയതിനുശേഷം ആയിരിക്കും നടപടികൾ. സ്ഥലത്തെ സാഹചര്യം സംബന്ധിച്ച് പൊലീസ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. നടപടികൾക്ക് മുന്നോടിയായി കൂടുതൽ പൊലീസിനെയും സ്ഥലത്ത് നിയോഗിക്കും.
കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി അസ്വാഭാവികത നീക്കും എന്ന് തന്നെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. പൊലീസ് നടപടിക്കെതിരെ കോടതി മുഖേന നിയമപരമായി നീങ്ങുകയാണ് കുടുംബം. സമാധിയോട് അനുബന്ധിച്ച 41 ദിവസത്തെ പൂജാവിധികൾ തടസ്സപ്പെടുത്തരുത് എന്നാണ് കുടുംബത്തിന്‍റെ വാദം. ജില്ലാ ഭരണകൂടം തങ്ങളുടെ ഭാഗം കേട്ടില്ലെന്ന ആക്ഷേപവും കുടുംബം ഉന്നയിക്കുന്നുണ്ട്.
Adjust Story Font
16