Quantcast

കോളജ് പ്രിൻസിപ്പൽ നിയമനം: പുതിയ സെലക്ഷൻ കമ്മിറ്റിക്കുള്ള ട്രൈബ്യൂണൽ തീരുമാനം സർക്കാരിന്‍റെ ആവശ്യപ്രകാരം

അന്തിമ പട്ടികയിൽ സാങ്കേതികമായ അപാകതകൾ ഉണ്ടെന്ന് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    4 Aug 2023 3:39 AM GMT

college principal appointment new selection committee
X

തിരുവനന്തപുരം: കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാനുള്ള ട്രൈബ്യൂണൽ തീരുമാനം സർക്കാരിന്‍റെ ആവശ്യപ്രകാരം. അന്തിമ പട്ടികയിൽ സാങ്കേതികമായ അപാകതകൾ ഉണ്ടെന്ന് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. പക്ഷേ ആവശ്യപ്പെട്ട രേഖകൾ മുഴുവനും ഹാജരാക്കാൻ സർക്കാറിന് കഴിഞ്ഞില്ല. ചട്ടപ്രകാരമാകണം ഇനിയുള്ള എല്ലാ നടപടികളെന്നും ട്രൈബ്യൂണൽ സർക്കാരിനോട് നിർദേശിച്ചു.

പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് അരമണിക്കൂറോളം നീണ്ട വിധിപ്രസ്താവമാണ് ഇന്നലെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നടന്നത്. ഉന്നത വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ഹരികുമാർ നിയമന രേഖകളുമായി ട്രൈബ്യൂണലിൽ ഹാജരായി. 43 അംഗ അന്തിമ പട്ടികയിൽ സാങ്കേതികമായ പ്രശ്നങ്ങളുണ്ട് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. അതിനാൽ തന്നെ നിലവിലുള്ള പട്ടിക അസാധുവാക്കി പുതിയ നിയമന നടപടികൾ ആരംഭിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി പുതിയ സെലക്ഷൻ കമ്മിറ്റി അടക്കം നിശ്ചയിക്കണം. ശേഷം അപേക്ഷ ക്ഷണിച്ചു യോഗ്യരായ എല്ലാവരെയും ഉൾപ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കണമെന്നും സർക്കാര്‍ ആവശ്യപ്പെട്ടു.

എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച രേഖകൾ അപൂർണമാണെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിലയിരുത്തി. മന്ത്രി പറഞ്ഞ 67 അംഗ ആദ്യ പട്ടിക ഹാജരാക്കാൻ അഡീഷണൽ സെക്രട്ടറിക്ക് സാധിച്ചില്ല. സബ് കമ്മിറ്റിയുമായി ബന്ധപ്പെട്ടും ചില അവ്യക്തതകൾ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ നിലവിലെ പട്ടിക അസാധുവാക്കാൻ കഴിയില്ലെന്നും പട്ടികയിൽ ഉൾപ്പെട്ടവർക്ക് താൽക്കാലിക നിയമനം നൽകാമെന്നുമുള്ള നിലപാട് ട്രൈബ്യൂണൽ സ്വീകരിച്ചു. എല്ലാ തരത്തിലും യുജിസി നിബന്ധനകൾ പാലിച്ചാകണം പുതിയ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനെന്നും ട്രൈബ്യൂണൽ സർക്കാരിനോട് നിർദ്ദേശിച്ചു. പ്രബന്ധങ്ങൾ തെരഞ്ഞെടുക്കുമ്പോഴും പ്രവൃത്തിപരിചയം സംബന്ധിച്ചും യാതൊരു വിട്ടുവീഴ്ചയും പാടില്ല എന്നും നിർദേശമുണ്ട്.


TAGS :

Next Story