'കമ്മ്യൂണിസം വെടക്ക് തന്നെ; സഖാവ് ഉമർ ഫൈസി എന്ന് വിളിക്കേണ്ട' വിമർശനവുമായി സമസ്ത നേതാവ്
''കമ്മ്യൂണിസം അടുപ്പിക്കാൻ പറ്റാത്തതാണ്. കേരളം ഭരിക്കുന്ന സർക്കാർ അവരായതുകൊണ്ട് അവരിൽനിന്ന് കിട്ടേണ്ടതിന് ചില മാർഗങ്ങൾ സ്വീകരിക്കും. ഇപ്പോൾ പറയുന്നവരും അവരുടെ കൂടെ പോകാൻ നിൽക്കുകയാണ്.''
കോഴിക്കോട്: ഭരിക്കുന്ന സർക്കാരിൽനിന്ന് ആവശ്യങ്ങൾ നേടിയെടുക്കാനുള്ള സഹകരണം മാത്രമേ കമ്മ്യൂണിസവുമായുള്ളൂവെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. കമ്മ്യൂണിസം വെടക്ക് തന്നെയാണെന്നും തന്നെ സഖാവ് ഉമർ ഫൈസി എന്നു വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കാലിക വിഷയങ്ങളിൽ നിലപാട് പറയുന്നു' എന്ന തലക്കെട്ടിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഫറോക്കിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി.
ഇടത്തോട്ട് ചെരിഞ്ഞു എന്നു പറയുന്നവരുണ്ട്. അത് മനഃപൂർവം കെട്ടിയുണ്ടാക്കുന്നതാണ്. വഖഫിന്റെ വിഷയത്തിൽ സംഭവിച്ചത് ഉദാഹരണമാണ്. രാജ്യത്ത് സർക്കാർ ഒരു നിയമം കൊണ്ടുവന്നാൽ ഇവിടത്തെ നിയമവ്യവസ്ഥ അനുസരിച്ച് അതിനെ നേരിടണം. ജിഫ്രി തങ്ങൾ കേരളം ഭരിക്കുന്ന സർക്കാരിനോട് നേരിട്ടുപറഞ്ഞു. നിവേദകസംഘത്തെ അയച്ചു. അതിന്റെ ഫലമായി താൽക്കാലികാശ്വാസം ലഭിച്ചു. അത്തരത്തിൽ സഹകരിച്ചു മുന്നോട്ടുപോകുന്നുണ്ട്. അതുകൊണ്ട് കമ്മ്യൂണിസം നല്ലതാണെന്ന് പറയുന്നില്ല-ഉമർ ഫൈസി പറഞ്ഞു.
''കമ്മ്യൂണിസം വെടക്ക് തന്നെയാണ്. അടുപ്പിക്കാൻ പറ്റാത്തതാണ്. കേരളം ഭരിക്കുന്ന സർക്കാർ അവരായതുകൊണ്ട് അവരിൽനിന്ന് കിട്ടേണ്ടതിന് ചില മാർഗങ്ങൾ സ്വീകരിക്കും. അപ്പോൾ സഖാവ് ഉമർ ഫൈസി എന്നു പറയരുത്. ഇപ്പോൾ പറയുന്നവരും അവരുടെ കൂടെ പോകാൻ നിൽക്കുകയാണ്.''
സമസ്തയെ രാഷ്ട്രീയക്കാരുടെ പിറകിൽ കൊണ്ടുപോയി കെട്ടരുതെന്നും ഉമർ ഫൈസി പറഞ്ഞു. രാഷ്ട്രീയക്കാരുടെയും മുകളിൽനിന്ന്, രാഷ്ട്രീയക്കാരെ ഉപദേശിക്കാനും അവർക്ക് മാർഗം കാണിച്ചുകൊടുക്കാനുമുള്ള സംഘടനയാണ് സമസ്ത. ആരും സമസ്തയെക്കാളും വലുതാകാൻ ശ്രമിക്കേണ്ട. സമസ്തയ്ക്ക് ഒരു രാഷ്ട്രീയവുമില്ല. ഇസ്‌ലാമും സുന്നത്ത് ജമാഅത്തും മാത്രമേയുള്ളൂ. സുന്നത്ത് ജമാഅത്തിന് കേടുവരുന്ന മേഖലയിൽ അതിനെ പ്രതിരോധിക്കാനും ശക്തിപ്പെടുത്താനും വേണ്ടത് ഊർജസ്വലതയോടെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാഠ്യപദ്ധതി പരിഷ്‌ക്കരണം, അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽനിന്ന് പുറത്താക്കിയ നടപടി അടക്കമുള്ള പുതിയ വിവാദങ്ങളിൽ നിലപാട് വിശദീകരിക്കാനായിരുന്നു എസ്.കെ.എസ്.എസ്.എഫിന്റെ പൊതുയോഗം. സമ്മേളനത്തിൽ സി.ഐ.സിക്കും ഹക്കീം ഫൈസിക്കുമെതിരെയാണ് പ്രധാന വിമർശമുയർന്നത്. സി.ഐ.സി വിഷയത്തിൽ സമസ്തയെടുത്ത തീരുമാനത്തോടൊപ്പം നിൽക്കണമെന്ന് ആഹ്വാനം ചെയ്ത നേതാക്കൾ സംഘടനയ്ക്കും നേതാക്കൾക്കുമെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, വഖഫ് നിയമനത്തിലെ സർക്കാരിന്റെ പിന്മാറ്റത്തെ സ്വാഗതം ചെയ്ത സമസ്ത നേതൃത്വത്തിന്റെ നിലപാടിനെ സമ്മേളനം ഉദ്ഘാടനം ചെയ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന് നദ്വി വിമർശിച്ചു. ''മുസ്‌ലിംകളെ ബാധിക്കുന്ന വിഷയമായിരുന്നു വഖഫ് ബോർഡിലേക്കുള്ള പി.എസ്.സി നിയമനം. മുസ്‌ലിം സമുദായത്തിന്റെ, പ്രത്യേകിച്ചും സമസ്തയുടെയും അനുയായികളുടെയും പണവും അധ്വാനവും ഇന്ധനവും സമയവും അതിനു വേണ്ടി തുലച്ചു. അവസാനം നിയമം മാറ്റി പഴയതു പോലെ തുടരുമെന്ന് പറഞ്ഞു. അപ്പോൾ സ്വാഗതം ചെയ്യാൻ എല്ലാവരും മുന്നോട്ടുവന്നു.''-നദ്‌വി ചൂണ്ടിക്കാട്ടി.
ബാഗ് തട്ടിപ്പറിച്ചയാൾ നിർബന്ധിതാവസ്ഥയിൽ തിരിച്ചുകൊടുത്താൽ സ്വാഗതം ചെയ്യുന്നതു പോലെയാണ്. സമസ്തയുടെ പൂർവിക പണ്ഡിതന്മാരിൽ ആരും ഈ പണി ചെയ്തിട്ടില്ല. അതു സമുദായത്തിനു വേറെ സന്ദേശമാണ് നൽകുന്നത്. തെറ്റിദ്ധാരണകൾ ഉണ്ടാകുന്ന കാര്യങ്ങൾ ഉണ്ടാകുമ്പോൾ തിരുത്തണമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളതെന്നും ബഹാഉദ്ദീൻ നദ്വി കൂട്ടിച്ചേർത്തു.
Summary: ''The communism is still untouchable and the cooperation with them is only because they are the ruling party here'', says Samastha Mushavara member Umer Faizy Mukkam
Adjust Story Font
16