Quantcast

കമ്യൂണിസ്റ്റുകൾ സ്വതന്ത്രലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു: സമസ്ത നേതാവ്

എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് കാമ്പസുകളിൽ നടന്ന സ്വയംഭോഗ ദിനാചരണത്തെയും ലേഖനത്തിൽ പരോക്ഷമായി വിമർശിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-08-31 11:37:18.0

Published:

31 Aug 2021 11:24 AM GMT

കമ്യൂണിസ്റ്റുകൾ സ്വതന്ത്രലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു: സമസ്ത നേതാവ്
X

കോഴിക്കോട്: സമൂഹത്തിൽ സ്വതന്ത്രലൈംഗികതയും നിരീശ്വരവാദവും വളർത്താൻ കമ്യൂണിസ്റ്റുകൾ ഗൂഢശ്രമം നടത്തുന്നുവെന്ന് സമസ്ത മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകൾ നിഷേധികളാണ് എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ടെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.

ഗൗരവം തമസ്‌കരിക്കപ്പെട്ട് കേവലം രാഷ്ട്രീയ ആശയമായി കമ്യൂണിസം മാറിയിട്ടുണ്ട്. അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകൾ ദൈവവിശ്വാസികളല്ല, നിഷേധികളാണ്. മാർക്‌സും ഏംഗൽസും മുതൽ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾ വരെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ചിട്ടകൾ പാലിക്കേണ്ടതില്ലാത്ത സർവ സ്വതന്ത്ര ലോകമാണ് യുക്തിവാദികളും നിരീശ്വരവാദികളും സ്വപ്‌നം കാണുന്നത്. തനിക്ക് തോന്നുന്നത് ചെയ്യുമെന്ന ചിന്ത വലിയ പ്രത്യാഘാതം സൃഷ്ടിക്കും. സ്വതന്ത്ര ലൈംഗികതയിലേക്കാണ് ഇത്തരം ചിന്തകൾ നയിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിൽ നടന്ന സ്വയംഭോഗ ദിനാചരണത്തെയും ലേഖനത്തിൽ പരോക്ഷമായി വിമർശിക്കുന്നുണ്ട്.

ലേഖനത്തിൽ നിന്ന്:

സമൂഹത്തിൽ യുക്തിവാദവും നിരീശ്വരവാദവും സ്വതന്ത്രചിന്തയും സന്നിവേശിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്ലാം വെറുപ്പ് മാത്രം ഉൽപ്പാദിപ്പിക്കുകയും സംഘ്പരിവാർ വാദങ്ങൾ അതേപടി പകർത്തുകയും ചെയ്യുന്ന യുക്തിവാദികൾ പുതുതലമുറയിൽ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്. അസത്യങ്ങളും അർധസത്യങ്ങളും വിളമ്പി ആളുകളെ തെറ്റുധരിപ്പിക്കുകയാണവർ. ദൈവമില്ല, മതമില്ല എന്ന വാദം സ്വീകരിക്കുന്നതോടുകൂടി ആരോടും കടപ്പാടില്ലാത്ത, വ്യക്തിപരമായ നിയന്ത്രണങ്ങളില്ലാത്ത, ചിട്ടകൾ പാലിക്കേണ്ടതില്ലാത്ത ഒരു 'സർവസ്വതന്ത്ര' ലോകമാണ് യുക്തിവാദികളും നിരീശ്വരവാദികളും സ്വതന്ത്ര ചിന്തകരും സ്വപ്‌നം കാണുന്നത്. 'മതം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; എന്റെ സ്വാതന്ത്ര്യമാണ് എനിക്ക് പ്രധാനം' എന്നതാണ് അവരുടെ മുദ്രാവാക്യം. വ്യക്തിയുടെ അന്തസ്സ്, കുടുംബത്തിന്റെ കെട്ടുറപ്പ്, സമൂഹത്തിന്റെ ക്രമം എന്നിവയെ എല്ലാം ഈ കാഴ്ചപ്പാട് സാരമായി ബാധിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടാകില്ല. 'എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും' എന്ന ചിന്ത സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. സ്വന്തം മാതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്നു പരസ്യമായി പറയുന്നവരാണ് യുക്തിവാദികൾ. സ്വതന്ത്ര ലൈംഗികതയിലേക്കാണ് ഇത്തരം ബഹുമുഖ ചിന്തകൾ നയിക്കുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ ഇന്ന് അതിന്റെ തിക്തമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണ്. കുടുംബങ്ങൾ തകരുന്ന, വ്യഭിചാരത്തിൽ പിറന്ന മക്കൾ ആൾക്കൂട്ടങ്ങളിൽ തങ്ങളുടെ പിതാക്കന്മാരെ തേടിയലയുന്ന, പിതാക്കന്മാർ അറിയപ്പെടാത്ത കുട്ടികൾ ക്രിമിനലുകളാകുന്ന ദുരവസ്ഥ വരെ ഇവിടെയുണ്ട്. ഈ ദുർഗതി നമ്മുടെ നാടിനു വരാതിരിക്കാൻ കൃത്യമായ ജാഗ്രത നാം പാലിക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര സ്വയംഭോഗദിനാചരണത്തോട് അനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് എസ്എഫ്‌ഐ പുറത്തിറക്കിയ പോസ്റ്റർ

മുസ്ലിംകൾക്കിടയിൽ കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകൾ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാർക്‌സും ഏംഗല്‌സും മുതൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ വരെ അതു സുതരാം വ്യക്തമാക്കിയതാണ്. 'കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു'വെന്നാണ് മാർക്‌സിന്റെ വീക്ഷണം. ലിബറൽ ധാർമികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ വരെ അവർ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടന 'അന്തർദേശീയ സ്വയംഭോഗദിനം' സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാന്യതയുള്ളവർ പറയാൻ പോലും താൽപ്പര്യപ്പെടാത്ത കാര്യങ്ങൾ പൊതു ഇടങ്ങളിൽ ആഘോഷിക്കാൻ മടിയില്ലാത്തവിധം ഇവരുടെ മനസിനെ വികൃതമാക്കിയത് ഇത്തരം ലിബറൽ കാഴ്ചപ്പാടുകളാണ്. പതിയിരിക്കുന്ന അപകടമാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാൻ നമുക്കു കഴിയേണ്ടതുണ്ട്.'

സുന്നി മഹല്ല് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് മിഹ്‌റാബ് ക്യാംപയിനിന്റെ ഭാഗമായാണ് ബഹാഉദ്ദീൻ നദ്‌വിയുടെ ലേഖനം. മുസ്‌ലിംകളുടെ അവകാശങ്ങൾ ഹനിക്കാനും ചരിത്രങ്ങൾ നിഷ്‌കാസനം ചെയ്യാനുമുള്ള ഗൂഢശ്രമങ്ങൾ ഭരണതലത്തിൽ നടന്നു കൊണ്ടിരിക്കുന്ന വേളയിൽ അതിന് പ്രതിരോധം തീർക്കേണ്ടത് പണ്ഡിതരുടെയും സമുദായ നേതാക്കളുടെയും കടമയാണ് എന്ന് ലേഖനം ഓർമിപ്പിക്കുന്നു.


TAGS :

Next Story