Quantcast

'അന്വേഷണം ശരിയായ ദിശയിലല്ല'; മോൻസൺ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ

പരാതിക്കാരനായ യാക്കൂബ്‌ മുഖ്യമന്ത്രിക്ക് കത്ത് നൽകി

MediaOne Logo

Web Desk

  • Updated:

    2022-08-13 10:23:55.0

Published:

13 Aug 2022 9:48 AM GMT

അന്വേഷണം ശരിയായ ദിശയിലല്ല; മോൻസൺ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ
X

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ. നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുറ്റപ്പെടുത്തി പരാതിക്കാരനായ യാക്കൂബ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്ത് നൽകി. പരാതിയിൽ പറഞ്ഞ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയോ രാഷ്ട്രീയക്കാരെയോ ചോദ്യം ചെയ്തില്ലെന്നും കെ സുധാകരൻ, ഐജി ജി ലക്ഷ്മൺ, മുൻ ഡിഐജി സുരേന്ദ്രൻ, സിഐ അനന്ദലാൽ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നും പരാതിക്കാർ ആരോപിച്ചു. മോൻസനെതിരെ മാത്രമായി ക്രൈംബ്രാഞ്ച് അന്വേഷണം ചുരുക്കുകയാണെന്നും അവർ പറഞ്ഞു.

അതേസമയം, ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ നീട്ടിയിരിക്കുകയാണ്. മൂന്ന് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ നീട്ടാൻ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേർന്നാണ് സസ്‌പെൻഷൻ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.

ഒമ്പത് മാസം മുമ്പാണ് ഐ ജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്‌പെൻഷൻ വീണ്ടും നീട്ടാൻ തീരുമാനിച്ചത്. ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ നവംബര്‍ പത്തിന് ഐ.ജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഐ.ജി ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസൻ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. വ്യാജ പുരാവസ്തു വിൽപ്പനയുടെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയെന്ന കേസിലായിരുന്നു ചോദ്യം ചെയ്യൽ. 2021 നവംബറിലാണ് ഇഡി പുരാവസ്തു തട്ടിപ്പിനെ തുടർന്നുണ്ടായ കള്ളപ്പണ ഇടപാടുകളിൽ കേസെടുത്തത്. മോൻസൺ, മോൻസണിന്റെ ഡ്രൈവർ അജി, മേക്കപ്പ്മാൻ ഷാജി എന്നിവർക്കെതിരെയാണ് കേസ്.

മോൻസൺ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയെ തുടർന്നാണ് ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. 6.7 കോടി രൂപയുടെ തട്ടിപ്പ് മോൻസൺ നടത്തിയെന്നാണ് ശ്രീവത്സം ഗ്രൂപ്പിന്റെ പരാതി. മോൻസണിന് പിന്നാലെ നടൻ മോഹൻലാലിനെയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. മോൻസണിന്റെ മ്യൂസിയം മോഹൻലാൽ സന്ദർശിച്ചിരുന്നു. ഇതേത്തുടർന്നാണ് മോഹൻലാലിനെ ചോദ്യംചെയ്തത്. പത്ത് കോടി രൂപയുടെ ഇടപാടുകൾ പുരാവസ്തുക്കളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു.



Complainants have demanded a CBI probe in Monson Mavungal's fraud case

TAGS :

Next Story