തൃശൂർ തീരദേശത്തെ പിടിമുറുക്കി അവയവമാഫിയ; തുച്ഛമായ പണം നൽകി ഏജന്‍റുമാർ വൻതുക തട്ടുന്നതായി പരാതി
ഈ വർഷം ഇതുവരെ അവയവദാനത്തിനായി ഏഴ് അപേക്ഷകളാണ് ശ്രീനാരായണപുരം പഞ്ചായത്തില്‍ ലഭിച്ചത്
തൃശൂർ: ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് അവയവമാഫിയ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം പഞ്ചായത്തിലാണ് അവയവമാഫിയ പിടിമുറുക്കുന്നതായി പരാതിയുള്ളത്. അവയവദാതാക്കൾക്ക് തുച്ഛമായ പണം നൽകി ഏജൻ്റുമാർ വൻതുക തട്ടുന്നതായി ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്‍റ് മോഹനൻ ആരോപിച്ചു.
ഈ വർഷം ഇതുവരെ അവയവദാനത്തിനായി ഏഴ് അപേക്ഷകളാണ് ലഭിച്ചത്.ഇതാണ് അവയവ കടത്ത് മാഫിയ പഞ്ചായത്തിൽ പിടിമുറുക്കുന്നതായി ചിന്തിക്കാൻ കാരണം.അപേക്ഷ സമർപ്പിച്ചവർ മുഴുവൻ സാധാരണക്കാരും പാവപ്പെട്ടവരുമാണ്.ഇത് സംശയം ബലപ്പെടുത്തുന്നു.ബന്ധുക്കൾക്ക് അവയവ ദാനം നൽകുന്നതായാണ് പഞ്ചായത്തിൽ അനുമതി തേടിയെത്തുമ്പോൾ പറയുന്നത്.
എന്നാൽ തുച്ഛമായ തുകയ്ക്ക് അവയവ ദാനം ചെയ്യുന്നതായാണ് പഞ്ചായത്ത് അധികൃതർക്ക് ലഭിച്ച വിവരം.വലിയ തുകകൾ ഓഫർ ചെയ്ത് തുച്ഛമായ തുകകൾ നൽകി പറ്റിക്കുന്നതായും പഞ്ചായത്ത് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് യോഗം കൂടി ഇത് സംബന്ധിച്ച വിവരം ആരോഗ്യ വകുപ്പിനെ ധരിപ്പിക്കാനാണ് തീരുമാനം.ഒരിടവേളയ്ക്കുശേഷം അവയവ മാഫിയ വീണ്ടും തൃശ്ശൂരിന്റെ ഗ്രാമങ്ങളിൽ പിടിമുറുക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.. മുൻപ് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലും സമാന രീതിയിലെ അവയവ മാഫിയയുടെ ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.
Adjust Story Font
16