'ജഡ്ജിക്ക് നൽകാൻ രണ്ട് ലക്ഷം വാങ്ങി'; അഭിഭാഷകൻ ബി.എ.ആളൂരിനെതിരെ യുവതിയുടെ പരാതി
ബി.എ.ആളൂരിനെതിരെ പീഡന പരാതി നൽകിയ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്
കൊച്ചി: അഭിഭാഷകൻ ബി.എ.ആളൂർ ജഡ്ജിക്ക് നൽകാൻ പണം വാങ്ങിയെന്ന് ആരോപണം. ബി.എ ആളൂരിനെതിരെ പീഡന പരാതി നൽകിയ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ജഡ്ജിക്ക് നൽകാൻ എന്ന പേരിൽ രണ്ട് ലക്ഷം രൂപയും കമ്മീഷണർക്ക് നൽകാൻ എന്ന പേരിൽ ഒരു ലക്ഷം രൂപയും വാങ്ങിയെന്നാണ് യുവതി ബാർ കൗൺസിലിന് നൽകിയ പരാതിയിൽ പറയുന്നത്. ആളൂർ തന്നെ കടന്നുപിടിച്ചെന്ന് നേരത്തെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം, യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ അഡ്വ. ബി.എ ആളൂരിന് ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്നാണ് കോടതി അറിയിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യഹരജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, നൽകിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം.
സാമ്പത്തിക തട്ടിപ്പുകേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ കൈയേറ്റം ചെയ്‌തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഇതിൽ എറണാകുളം സെൻട്രൽ പൊലീസ് ഐ.പി.സി 354 വകുപ്പുപ്രകാരം കേസെടുത്തിരുന്നു.
Adjust Story Font
16