'റെഗുലർ അല്ലാത്ത വിദ്യാർഥി സ്ഥാനാർഥിയായി വിജയിച്ചു': കാലിക്കറ്റ് സർവകലാശാല എം.എസ്.എഫ് സെനറ്റ് അംഗത്തിനെതിരെ പരാതി
റെഗുലർ വിദ്യാർഥി അല്ലാത്ത അമീൻ റാഷിദ് എം.എസ്.എഫ് സ്ഥാനാർഥിയായി ജയിച്ചുവെന്നാണ് ആരോപണം
അമീന്‍ റാഷിദ്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല എം.എസ്.എഫ് സെനറ്റ് അംഗത്തിനെതിരെ പരാതി. റെഗുലർ വിദ്യാർഥി അല്ലാത്ത അമീൻ റാഷിദ് എം.എസ്.എഫ് സ്ഥാനാർഥിയായി ജയിച്ചുവെന്നാണ് ആരോപണം. അമീൻ റാഷിദിന്റെ സെനറ്റ് അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും ഫ്രറ്റേണിറ്റിയും സർവകലാശാലക്ക് പരാതി നൽകി.
ഇക്കഴിഞ്ഞ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് ചരിത്രത്തിൽ ആദ്യമായി നാല് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നു. അതിലൊരു സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് പാലക്കാട് സീഡാക് കോളജിലെ വിദ്യാർഥി അമീന്‍ റാഷിദിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അമീൻ റാഷിദ് പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റൻഡായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. 2022 ഡിസംബറിലാണ് അമീൻ പാലക്കാടുള്ള സീഡാക്കിൽ ബിരുദ വിദ്യാർഥിയായി പ്രവേശനം നേടുന്നത്. 2023 മാർച്ച് വരെ പ്രൊജക്ട് അസിസ്റ്റഡൻനായി ജോലി ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ ഫുൾടൈം ജോലി ചെയ്‌തൊരാള്‍ക്ക് റെഗുലർ വിദ്യാർഥിയായി പ്രവേശനം നേടാൻ കഴിയില്ല. സെനറ്റ് അംഗത്വത്തിന് സ്ഥാനാർഥിയാകുന്നതിന്റെ പ്രധാന നിബന്ധന റെഗുലർ വിദ്യാർഥിയാകണം എന്നാണ്. റെഗുലർ വിദ്യാർഥിയല്ലാത്ത അമീൻ തെറ്റിദ്ധരിപ്പിച്ചാണ് മത്സരിച്ചതെന്നാണ് എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും ആരോപിക്കുന്നത്. അമീന്റെ ജോലി സംബന്ധിച്ച രേഖകൾ തെളിവായി സെനറ്റ് തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന വരാണാധികാരിക്ക് പരാതിയായി നൽകിയിട്ടുണ്ട്. സെനറ്റ് അംഗത്വം റദ്ദാക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാല്‍ യൂണിവേഴ്സിറ്റി അനുവദിച്ച അഡീഷണല്‍ ബാച്ചിലാണ് അമീന്‍ റാഷിദ് ചേർന്നതെന്നും ഓണ്‍ലൈന്‍ ക്ലാസായതിനാല്‍ ആദ്യമാസങ്ങളില്‍ ഹാജർ ആവശ്യമായിരുന്നില്ലെന്നും എം.എസ്.എഫ് വിശദീകരിക്കുന്നു. സെനറ്റ് അംഗത്വം നല്‍കിയത് എം.എസ്.എഫ് ആണെങ്കില്‍ അത് നിലനിർത്താനും എം.എസ്.എഫിന് അറിയാമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Watch Video Report
Adjust Story Font
16