ഭീഷണി കമന്റ്; മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥനെതിരെ ഡി.ജി.പിക്ക് പരാതി
നാട്ടിലെ പൊതുസമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യം വച്ചാണ് കമന്റ് എന്നാരോപിച്ചാണ് പരാതി
കൊല്ലം: ഫേസ്ബുക്കിൽ ഭീഷണി കമന്റിട്ട മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥനെതിരെ ഡി.ജി.പിക്ക് പരാതി. കൊല്ലം കുമ്മിൾ ഗ്രാമപഞ്ചായത്ത് അംഗം കുമ്മിൾ ഷമീറാണ് എസ്കോർട്ട് ഉദ്യോഗസ്ഥനായ ഗോപീകൃഷ്ണൻ എം.എസിനെതിരെ പരാതി നൽകിയത്.
നാട്ടിലെ പൊതുസമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യം വച്ചാണ് കമന്റ് എന്നാരോപിച്ചാണ് പരാതി. ഐ.പി.സി 504, 153, 153 A എന്നീ വകുപ്പുകൾ ചുമത്തണം എന്നും വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം. ഡി.ജി.പിക്ക് പുറമെ നിയമസഭാ സമിതി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി എന്നിവർക്കും പരാതി നൽകി.
നവ കേരള സദസിന്റെ വാഹനം തടയാൻ വെല്ലുവിളിച്ചായിരുന്നു ഗോപീകൃഷ്ണൻ കമന്റിട്ടത്. 'കടയ്ക്കൽ മുഖ്യമന്ത്രിയുടെ വണ്ടി വരുമ്പോൾ തടഞ്ഞു നോക്ക്, അപ്പോൾ മറുപടി തരാം' എന്നായിരുന്നു ഗോപീകൃഷ്ണന്റെ കമന്റ്. കുമ്മിൾ ഷമീറിന്റെ പോസ്റ്റിന് താഴെയായിരുന്നു കമന്റ്. ഭീഷണി കമന്റ് വിവാദമായതോടെ ഗോപീകൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.
നവകേരള സദസുമായി ബന്ധപ്പെട്ട് പൗരപ്രമുഖർ നടത്തുന്ന കൂടിക്കാഴ്ച സംബന്ധിച്ച പോസ്റ്റ് ആയിരുന്നു കുമ്മിൾ ഷമീറിന്റേത്. ആരാണ് പൗരപ്രമുഖർ എന്ന ചോദ്യമുയർത്തി, വിവരാവകാശത്തിലൂടെ ലഭിച്ച മറുപടിയുൾപ്പെടെയായിരുന്നു പോസ്റ്റ്.
Adjust Story Font
16