'കാർഡ് ഉണ്ടെങ്കിലും പണം കൊടുക്കണം, പല ആശുപത്രികളിലും ആനുകൂല്യം ലഭിക്കുന്നില്ല'; പരാതി ഒഴിയാതെ 'മെഡിസെപ്' പദ്ധതി
രണ്ടാം പിണറായി സർക്കാർ കൊട്ടിഘോഷിച്ച പദ്ധതിയായ 'മെഡിസെപ്' ഒരു വര്‍ഷം പിന്നിടുകയാണ്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി തുടങ്ങിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ് ഒരുവര്‍ഷം പൂര്‍ത്തിയായിട്ടും പരാതികള്‍ തീരുന്നില്ല. പലരോഗങ്ങള്‍ക്കും ചികിത്സ തേടി ആശുപത്രിയില്‍ പോയാല്‍ മെഡിസെപ് ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് സർക്കാർ ജീവനക്കാരുടെ പരാതി. മെഡിസെപ്പ് ആനുകൂല്യമുണ്ടെങ്കിലും മുട്ട് ശസ്ത്രക്രിയ, ഇടുപ്പെല്ല് ശസ്ത്രക്രിയ തുടങ്ങിയവക്ക് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പോകണ്ടേ അവസ്ഥയിലാണ് രോഗികള്‍.
രണ്ടാം പിണറായി സർക്കാർ കൊട്ടിഘോഷിച്ച പദ്ധതി മെഡിസെപ്. പദ്ധതി നടപ്പാക്കി ഒരു വർഷം കഴിമ്പോള്‍ ഇതിന്‍റെ അവസ്ഥയെന്താണെന്ന് മീഡിയവണ്‍ പരിശോധിക്കുകയാണ്. 2022 ജൂലൈ ഒന്നിനാണ് മെഡിസെപ് പദ്ധതിയുടെ തുടക്കം. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും അടക്കം മുപ്പത് ലക്ഷത്തോളം പേര്‍ക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിയില്‍ അംഗങ്ങളായവര്‍ പ്രതിമാസം 500 രൂപവീതം അടക്കണം. ഓരോ കുടുംബത്തിന് മൂന്ന് വര്‍ഷത്തേക്ക് മൂന്ന് ലക്ഷം രൂപയായിരുന്നു പരിരക്ഷ. ഇതില്‍ ഒരുവര്‍ഷത്തേക്ക് ഒന്നരലക്ഷത്തോളം രൂപ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം ആ തുക അസാധുവാകുമെന്നാതായിരുന്നു കരാര്‍.
ഒരുവിധം എല്ലാ രോഗങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ ചികിത്സകള്‍ക്ക് മെഡിസെപ് പരിരക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതല്ല സ്ഥിതി. ഇടുപ്പെല്ലിന് പ്രശ്നമുള്ളയൊരാള്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പോയാല്‍ കൈയില്‍ നിന്ന് തുക നല്‍കേണ്ടിവരും. മെഡിസെപ്പിന് കീഴിലാണെങ്കിലും ചില രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറിയത് ഉപഭോക്താക്കളെ വെട്ടിലാക്കി.
ക്യാഷ് ലെസ് പദ്ധതിയെന്ന പറഞ്ഞ മെഡിസെപ് ഇപ്പോള്‍ അങ്ങനെയല്ലെന്ന പരാതിയും വ്യാപകമാണ്. മെഡിസെപുമായി കരാറുള്ള ആശുപത്രികളില്‍ പോയാല്‍ പോലും പണം നല്‍കേണ്ട അവസ്ഥയാണെന്ന് ഉപഭോക്താക്കള കുറ്റപ്പെടുത്തുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമാക്കി ഉയര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Adjust Story Font
16