'യുജിസി മാനദണ്ഡം ലംഘിച്ച് പ്രവേശന പരീക്ഷ നടത്തുന്നു'; എം.ജി യൂണിവേഴ്സിറ്റി പി.എച്ച്.ഡി പ്രവേശന പരീക്ഷാ വിജ്ഞാപനത്തിനെതിരെ പരാതി
ഗവേഷണ പ്രവേശന പരീക്ഷകൾ ദേശീയതലത്തിൽ ഏകീകരിക്കുന്നതാണ് യുജിസിയുടെ പുതിയ വിജ്ഞാപനം
തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയുടെ പി.എച്ച്.ഡി പ്രവേശന പരീക്ഷാ വിജ്ഞാപനത്തിന് എതിരെ പരാതി. യുജിസി മാനദണ്ഡം ലംഘിച്ച് പ്രവേശന പരീക്ഷ നടത്തുന്നു എന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആണ് ഗവർണർക്ക് പരാതി നൽകിയത്. പിൻവാതിൽ പ്രവേശനം തടയുന്നതിന് വേണ്ടിയുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.
ഗവേഷണ പ്രവേശന പരീക്ഷകൾ ദേശീയതലത്തിൽ ഏകീകരിക്കുന്നതാണ് യുജിസിയുടെ പുതിയ വിജ്ഞാപനം. വിവിധ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾ പ്രവേശന പ്രക്രിയയിൽ വിദ്യാർഥികൾക്ക് പ്രതിസന്ധികൾ ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കാരം. സർവകലാശാലകൾ സ്വന്തമായി പ്രവേശന പരീക്ഷകൾ നടത്താൻ പാടില്ല എന്നും ദേശീയ പരീക്ഷയുടെ സ്കോർ പ്രകാരം ആയിരിക്കണം പ്രവേശനം നൽകേണ്ടതെന്നും യുജിസി വിസിമാർക്ക് നൽകിയ മാർഗനിർദേശത്തിൽ പറയുന്നു.
നെറ്റ് സ്കോറിനോടൊപ്പം 30 ശതമാനം മാർക്ക് ഇന്റർവ്യൂവിന് നൽകിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കേണ്ടതെന്നും ഉത്തരവിലുണ്ട്. എന്നാൽ ഈ ഉത്തരവിന് വിരുദ്ധമായാണ് മുൻ വർഷങ്ങളിലെ പോലെ പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ എം. ജി. സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. എസ്എഫ്ഐ നേതാക്കൾക്ക് പ്രവേശനം നൽകുന്നതിന് വേണ്ടിയാണ് ഈ നീക്കം എന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു.
സർവകലാശാലയിലും അംഗീകൃത ഗവേഷണ സെന്ററുകളിലുമായി ആകെ 1544 ഒഴിവുകളാണ് ഉള്ളത്. യു.ജി.സിയുടെ പുതിയ ഉത്തരവ് പ്രകാരം പ്രവേശനം നടപ്പാക്കാൻ എല്ലാ വി.സിമാർക്കും നിർദേശം നൽകണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
Adjust Story Font
16