ഭാര്യയുടെ പിഎച്ച്ഡി തിസീസ് എഴുതിക്കൊടുത്തെന്ന് വെളിപ്പെടുത്തല്‍; അസിസ്റ്റൻറ് പ്രൊഫസർക്കെതിരെ പരാതി
മടപ്പള്ളി കോളജിലെ അസിസ്റ്റൻറ് പ്രൊഫസർ എം.എ ഷിനാസിനെതിരെയാണ് പരാതി

കോഴിക്കോട്: പിഎച്ച്ഡി തിസീസ് എഴുതിക്കൊടുത്തെന്ന വെളിപ്പെടുത്തലില്‍ മടപ്പള്ളി കോളജിലെ അസിസ്റ്റൻറ് പ്രൊഫസർ എം.എ ഷിനാസിനെതിരെ പരാതി.ഷിനാസ് നടത്തിയത് യുജിസി ചട്ടങ്ങളുടെ ലംഘനമെന്നും അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവും എം എസ് എഫ് നേതാവുമായ അമീന്‍ റാഷിദാണ് പരാതി നൽകിയത്..
ഭാര്യയയുടെ പിഎച്ച്ഡി മുക്കാല്‍ ഭാഗവും എഴുതിക്കൊടുത്തത് താനാണെന്നും അത് പിന്‍വലിക്കുന്നു എന്നുമായിരുന്നു കോഴിക്കോട് മടപ്പളളി കോളജിലെ അസോസിയേറ്റ് പ്രൊഫസർ എം.എ ഷിനാസിട്ട പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും വിദ്യാഭ്യാസ രംഗത്ത് ഇത് വലിയ ചർച്ചയായി. നിയമവിരുദ്ധവും അധ്യാപകനെന്ന നിലയിലുള്ള വിശ്വാസ്യത നശിപ്പിക്കുന്നതുമായി ഈ സംഭവത്തില്‍ അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവും എം എസ് എഫ് സംസ്ഥാന കമ്മറ്റിയംഗവുമായി അമീന്‍ റാഷിദാണ് അധ്യാപകനെതിരെ ഇപ്പോള്‍ പരാതി നല്കിയിരിക്കുന്നത്. യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തി ചെയ്ത അധ്യാപകനെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗവർണർക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലർക്കും നല്കിയ പരാതിയില്‍ പറയുന്നു.ഇടത് സാംസ്കാരിക വേദികളുടെ സ്ഥിരം സാന്നിധ്യമായ എം.എ ഷിനാസിന്റെ പോസ്റ്റ് സംസ്കാരിക രംഗത്തും ചർച്ചയായിട്ടുണ്ട്.
Adjust Story Font
16