പ്രസവത്തിൽ വീഴ്ചയെന്ന് പരാതി; നെയ്യാറ്റിൻകരയിൽ കുട്ടിയുടെ ഇടത് കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു
ആശുപത്രിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവമെടുത്തതിൽ വീഴ്ചയെന്ന് പരാതി. നവജാത ശിശുവിൻറെ കൈയ്യിന്റെ എല്ല് പൊട്ടിയെന്നും ഇടത് കൈയുടെ ചലനശേഷി നഷ്ടപ്പെട്ടെന്നും മാതാപിതാക്കൾ പറഞ്ഞു. ആശുപത്രിക്കെതിരെ അവണാകുഴി സ്വദേശികളായ പ്രജിത്തും ഭാര്യ കാവ്യയും ആരോഗ്യമന്ത്രിക്ക് പരാതി നൽകി.
മാർച്ച് ഇരുപത്തിയേഴിനാണ് കാവ്യ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെച്ച് ആൺകുട്ടിക്ക് ജന്മം നൽകിയത്. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ ഇടത് കൈക്ക് പ്രശ്‌നമുള്ളതായി കണ്ടെത്തി. എസ്.എ.എ.ടി ആശുപത്രിയിലേയും തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേയും ചികിത്സയിലാണ് കുഞ്ഞിന്റെ ഇടത് കൈക്ക് പൊട്ടലും ഞരമ്പിന് പ്രശ്‌നമുള്ളതായും കണ്ടെത്തിയത്. ഇത് പ്രസവ സമയത്തുണ്ടായതാണെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. അശ്രദ്ധമായിട്ടാണ് പ്രസവം എടുത്തതെന്ന് കാവ്യ പറഞ്ഞു. ജൂനിയർ ഡോക്ടറും നഴ്‌സുമാണ് ലേബർ റൂമിലുണ്ടായിരുന്നത്.
തുടർചികിത്സയിൽ കുട്ടിയുടെ കൈയുടെ പൊട്ടൽ മാറിയെങ്കിലും ഞരമ്പിന്റെ പ്രശ്‌നം മാറിയിട്ടില്ല. 36 ദിവസം പ്രായമായ കുട്ടിയുടെ വലതുകൈയുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. കൈപത്തിമാത്രമെ അനങ്ങുന്നുള്ളുവെന്ന് ദമ്പതികൾ പറഞ്ഞു. . അതെസമയം ഇക്കാര്യത്തിൽ ആരും പരാതി പറഞ്ഞിട്ടില്ലെന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രി അധികൃതർ പ്രതികരിച്ചു.
Adjust Story Font
16