ഭാര്യയെ കാണാനില്ലെന്ന് പരാതി, പത്രത്തിൽ പരസ്യവും; ഒടുവിൽ ഭർത്താവിലേക്ക് തന്നെയെത്തിയ അന്വേഷണ മുന
നരബലി കേസിനെ തുടര്‍ന്ന് കാണാതായ സ്ത്രീകളുടെ വിവരം പൊലീസ് ശേഖരിക്കുകയും അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തിരുന്നു.
കൊച്ചി: എറണാകുളം ഞാറയ്ക്കൽ എടവനക്കാട് ഭാര്യയെ കൊന്ന് കുഴിച്ചിട്ട ഭർത്താവ് തന്നിലേക്ക് സംശയം നീളാതിരിക്കാൻ നടത്തിയത് വൻ കളികൾ. ഒന്നര വർഷം മുമ്പാണ് രമ്യ (32)യെ കാണാതായത്. രമ്യ എവിടെയെന്ന് ആളുകളും കുടുംബക്കാരും ചോദിച്ചുതുടങ്ങിയതോടെ ഭാര്യ വിദേശത്തേയ്‌ക്ക് ജോലിക്ക് പോയെന്നാണ് സജീവൻ പറഞ്ഞിരുന്നത്.
എന്നാൽ ഇത് വിശ്വസിക്കാൻ സാധിക്കാതെ വന്ന യുവതിയുടെ കുടുംബം 2021 ഓഗസ്‌ത് 17 മുതൽ രമ്യയെ കാണാനില്ലെന്നുകാട്ടി പൊലീസിൽ പരാതി നൽകി. തന്നെയാരും സംശയിക്കാതിരിക്കാൻ സജീവനും ഭാര്യയുടെ തിരോധാനത്തിൽ പരാതി നൽകി. രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പത്രപ്പരസ്യവും നല്‍കിയിരുന്നു.
ഇത്തരത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പരാതി നാടകം കളിച്ചെങ്കിലും തുടർ നടപടികൾ എന്തായി എന്നതടക്കമുള്ള വിവരങ്ങളൊന്നും അറിയാനും അന്വേഷിക്കാനും ഇയാൾ താൽപര്യം കാട്ടിയിരുന്നില്ല. അങ്ങനെ ഒടുവിൽ അന്വേഷണം സജീവനിലേക്ക് തന്നെയെത്തുകയായിരുന്നു.
നരബലി കേസിനെ തുടര്‍ന്ന് കാണാതായ സ്ത്രീകളുടെ വിവരം പൊലീസ് ശേഖരിക്കുകയും അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രമ്യയുടെ തിരോധാനത്തിൽ നടന്ന അന്വേഷണത്തിനിടെ സജീവന്റെ മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്നര വർഷം മുമ്പ് നടന്ന ദൃശ്യം മോഡൽ കൊലപാതകം പുറത്തറിഞ്ഞത്.
രമ്യയും ഭര്‍ത്താവ് സജീവനും എടവനക്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. നാട്ടുകാരും അയല്‍ക്കാരുമെല്ലാം രമ്യയെപ്പറ്റി അന്വേഷിക്കുമ്പോള്‍ ജോലിയിലാണെന്നും പുറത്താണെന്നുമൊക്കെയാണ് സജീവന്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്ന് രാവിലെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കാര്യം ഇയാൾ സമ്മതിക്കുന്നത്. ഈ സ്ഥലത്ത് നടത്തിയ പൊലീസ് പരിശോധനയിൽ കാർപോർച്ചിന്റെ സമീപത്ത് കുഴിച്ചിട്ട മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അസ്ഥിക്കഷണങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു.
Adjust Story Font
16