ഖത്തറിൽ ജോലിക്കായി പോയ യുവാവിനെ ചതിച്ച് ജയിലിലാക്കിയെന്ന് പരാതി
കോഴിക്കോട് പാവങ്ങാട് സ്വദേശി അരുണ്‍ ആണ് കഴിഞ്ഞ നാലര വര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുന്നത്
അരുണും മാതാപിതാക്കളും
കോഴിക്കോട്: ഖത്തറില്‍ ജോലിക്കായി പോയ യുവാവിനെ ചതിച്ച് ജയിലിലാക്കിയെന്ന് പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി അരുണ്‍ ആണ് കഴിഞ്ഞ നാലര വര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുന്നത്. ചെക്ക് കേസില്‍ പെട്ട് ജയിലിലായ അരുണിന്‍റെ മോചനത്തിനായി സഹായം തേടുകയാണ് കുടുംബം.
2018 ഒക്ടോബറിലാണ് അരുണ്‍ ഖത്തറിലേക്ക് പോകുന്നത്. നാട്ടില്‍ പി.എസ്.സി കോച്ചിങും മറ്റ് ജോലികളും ചെയ്തിരുന്ന അരുണിന് വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് മികച്ച ജോലി വാഗ്ദാനം നല്‍കി ചതിയില്‍ പെടുത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു.
ഹോട്ടൽ മാനേജറാക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കുറ്റ്യാടിയിലുള്ള സമീർ ആണ് അരുണിനെ കൊണ്ടുപോയതെന്ന് പിതാവ് സതീശൻ പറയുന്നു.
വിവാഹം ഉറപ്പിച്ച ശേഷമാണ് പ്രവാസത്തിലെ ഭാഗ്യം തേടി അരുണ്‍ പോകുന്നത്. പിന്നീട് വിവാഹത്തിനായി 2019 ജനുവരിയില്‍ നാട്ടിലെത്തി. വിവാഹം കഴിഞ്ഞ് മൂന്നാം ദിനം തിരികെ ഖത്തറിലേക്ക് പോകണ്ടി വന്നു. ജോലി വാഗ്ദാനം നല്‍കിയവരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പെട്ടെന്ന് മടങ്ങിയത്. പിന്നാലെ ജയിലിലുമായി.
ഹോട്ടല്‍ മാനേജര്‍ ജോലി എന്നടക്കം പറഞ്ഞ് ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയും ചെക്കുകള്‍ ഒപ്പിട്ട് വാങ്ങുകയുമായിരുന്നു. ഈ ചെക്കുകളില്‍ വന്ന കേസിലാണ് അരുണ്‍ നിയമനടപടി നേരിട്ടത്. 12 വര്‍ഷം ശിക്ഷ വിധിച്ച കേസില്‍ ജയില്‍വാസം നാലര വര്‍ഷം പിന്നിട്ടു. ശിക്ഷാ കാലാവധി പൂര്‍ത്തായാകുന്നതിന് മുമ്പ് മോചിതനാകാന്‍ പണമടച്ചാല്‍ മതി. ഇതിനായി സഹായമഭ്യര്‍ത്ഥിക്കുകയാണ് കുടുംബം.
മകന്‍റെ മടങ്ങി വരവിനായി പലവഴിക്ക് ശ്രമിച്ചെങ്കിലും അനുകൂല നടപടികള്‍ ഒന്നും തന്നെ ഇത് വരെ ഉണ്ടായില്ല എത്രയും വേഗം മകന്‍ തങ്ങള്‍ക്കരികിലേക്കെത്താന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് മാതാപിതാക്കള്‍.
Watch Video Report
Adjust Story Font
16