അനധികൃത വായ്പകൾക്ക് സി.പി.എം കമ്മീഷൻ കൈപ്പറ്റിയെന്ന പരാതി; അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി
സി.പി.എം ഭരിക്കുന്ന 20 ബാങ്കുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം
എറണാകുളം: അനധികൃത വായ്പകൾക്ക് സി പി എം കമ്മീഷൻ കൈപ്പറ്റിയെന്ന പരാതിയിൽ കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി. കരുവന്നൂരിന് സമാനമായി സി പി എം ഭരിക്കുന്ന 20 സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചാണ് ഇ ഡി അന്വേഷണം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എമ്മിൻ്റെ 63.62 ലക്ഷം രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതിന് പിന്നാലെയാണ് മറ്റ് സഹകരണ ബാങ്ക് തട്ടിപ്പുകളിൽ പാർട്ടിയുടെ പങ്കാളിത്തം കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലേക്ക് ഇ.ഡി കടന്നത്. കരുവന്നൂർ കേസിൽ അനധികൃത വായ്പകൾക്കായി നേതാക്കൾ ഇടപെട്ടതിന് പാർട്ടിക്ക് കമ്മീഷൻ തുക ലഭിച്ചുവെന്നാണ് ഇ.ഡി ആരോപണം.
ഇതേ രീതിയിൽ സി.പി.എം ഭരിക്കുന്ന മറ്റ് സഹകരണ ബാങ്കുകളിലെ അനധികൃത വായ്പകൾക്ക് കമ്മീഷനായി വൻ തുക പാർട്ടിയുടെ അക്കൗണ്ടുകളിലേക്ക് എത്തിയെന്ന പരാതികളിലാണ് ഇ.ഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിലേത് പോലെ വായ്പാ തട്ടിപ്പുകൾ നടന്ന 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു.
അയ്യന്തോൾ, മാരായമുട്ടം, കണ്ടല, ചാത്തന്നൂർ, മൈലപ്ര, മാവേലിക്കര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജണൽ, ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ്, മൂന്നിലവ്, പെരുകാവില സഹകരണ ബാങ്കുകളിലായിരുന്നു ക്രമക്കേട്. ഇതിന് പുറമെ മറ്റ് എട്ട് ബാങ്കുകളിലേക്ക് കൂടി അന്വേഷണം നീളുകയും ചെയ്തു.
സ്വർണലേല ക്രമക്കേടുക്കളിലും ഇ.ഡി അന്വേഷണം തുടരുകയാണ്. യഥാർത്ഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം ലേലം ചെയ്തുള്ള കമ്മീഷൻ ഇടപാടുകൾ ബാങ്കുകളിൽ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി ആരോപണം. കരുവന്നൂരിൽ സി.പി.എമ്മിൻ്റേതടക്കം 29.29 കോടിയുടെ സ്വത്തുക്കൾ കൂടി ഇ.ഡി കണ്ടു കെട്ടിയതോടെ കേസിൽ ആകെ കണ്ടുകെട്ടിയ സ്വത്ത് വകകളുടെ മൂല്യം 117.78 കോടിയായി ഉയർന്നിരുന്നു.
Adjust Story Font
16