ഹോട്ടൽ ഉടമകളെ പൊലീസ് മർദിച്ചെന്ന പരാതി: സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു
തൃപ്പൂണിത്തുറ സിഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചെന്നായിരുന്നു പരാതി
കൊച്ചി: കൊച്ചിയിൽ ഹോട്ടൽ ഉടമകളെ പൊലീസ് മർദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസിപിയാണ് അന്വേഷണം നടത്തുക. തൃപ്പൂണിത്തുറ സിഐയുടെ നേതൃത്വത്തിൽ ഹോട്ടൽ ഉടമകളെ ക്രൂരമായി മർദിച്ചെന്നായിരുന്നു പരാതി.
കോഴിക്കോട് സ്വദേശികളായ സഹോദരങ്ങളാണ് പരാതി നൽകിയത്. മറ്റൊരു ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം മർദിച്ചെന്നും വൈദ്യ പരിശോധനയിൽ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി തിരുത്തിച്ചതായും പരാതിക്കാരനായ മുഹമ്മദ് ജസീൽ പറഞ്ഞു. തന്നെയും സഹോദരനെയും നിലത്തിട്ട് ചവിട്ടിയെന്നും ജസീൽ കൂട്ടിച്ചേർക്കുന്നു.
തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി യുവാക്കളുടെ ഹോട്ടലിന് സമീപമുള്ള മറ്റൊരു ഹോട്ടലുടമ മുഹമ്മദ് ജസീലിനും സഹോദരൻ ഷാഹുൽ ഹമീദിനുമെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവരെയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ക്രൂരമർദനമായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഷാഹുലിനെ കുനിച്ച് നിർത്തി കഴുത്തിലടക്കം ഇടിച്ചുവെന്നാണ് പരാതി. മർദനത്തിന് ശേഷം കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി ഇരുവർക്കുമെതിരെ കേസെടുത്തെന്നും യുവാക്കൾ പറയുന്നു. ഇത് കൂടാതെ അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോൾ ഡോക്ടർക്ക് നൽകിയ മൊഴി പൊലീസ് തിരുത്തിച്ചെന്നും ഇവർ ആരോപിക്കുന്നുണ്ട്.
Adjust Story Font
16