'തിരിച്ചറിയിൽ കാർഡ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല'; കൊല്ലത്ത് മഫ്തിയിലെത്തിയ പൊലീസുകാർ യുവാവിനെ മർദിച്ചതായി പരാതി
കൊലപാതകശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ എസ്‌ഐയെ സിനുലാൽ മർദിച്ചെന്ന് പൊലീസ്
കൊല്ലം: കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പോലീസ് യുവാവിനെ മർദിച്ചതായി പരാതി. കരിക്കോട് സ്വദേശി സിനു ലാലിനാണ് മർദനമേറ്റത്. എന്നാൽ എസ്.ഐയെ തടഞ്ഞുവെച്ച് മർദിച്ചയാളെ ബലം പ്രയോഗിച്ച് പിടികൂടുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാനായി രാത്രി എട്ടുമണിയോടെയാണ് കുണ്ടറ എസ്‌ഐയും സംഘവും കരിക്കോട് എത്തിയത്. പ്രതി ഒളിച്ചുകഴിയുന്ന വീടിന് സമീപത്തുളള വീട്ടിലെ ടെറസിൽ നിന്ന് നിരീക്ഷിക്കാനായിരുന്നു പൊലീസ് നീക്കം. വീട്ടുടമസ്ഥരുടെ അനുമതി വാങ്ങിയാണ് ഇവർ ടെറസിന് മുകളിലേക്ക് ചെന്നത്. എന്നാൽ പ്രദേശവാസിയായ സിനുലാൽ മഫ്തിയിൽ എത്തിയ പൊലീസുകാരോട് തിരിച്ചറിയൽ രേഖ കാട്ടാൻ ആവശ്യപ്പെട്ടു. പൊലീസ് ഇതിന് വഴങ്ങാതെ തന്നെ മർദിച്ചെന്നാണ് സിനുലാൽ ആരോപിക്കുന്നത്.
അതേസമയം, വീട്ടുടമസ്ഥരെ വിവരം അറിയിച്ചിരുന്നുവെന്നും സിനുലാൽ എസ്‌ഐയെ മർദിച്ചതായും പൊലീസ് പറയുന്നു. സിനുലാലിനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുക മാത്രമാണുണ്ടായെന്നാണ് കുണ്ടറ പൊലീസിന്റെ വിശദീകരണം.പരിക്കേറ്റ എസ്.ഐ ജില്ലാആശുപത്രിയിൽ ചികിത്സയിലാണ്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും സിനുലാലിനെതിരെ കേസെടുത്തിട്ടുണ്ട്.
Adjust Story Font
16