യൂണിവേഴ്‌സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി
എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽവെച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി. രണ്ടാം വർഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാർഥിയായ മുഹമ്മദ് അനസ് ആണ് പൊലീസിനും ഭിന്നശേഷി കമ്മീഷനും പരാതി നൽകിയത്.
എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽവെച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തന്റെ ശാരീരിക വൈകല്യത്തെ നിരന്തരം പരിഹസിക്കുന്നു. തന്റെ കൂട്ടുകാരെയും എസ്എഫ്‌ഐ നേതാക്കൾ മർദിച്ചെന്നും അനസിന്റെ പരാതിയിൽ പറയുന്നു.
അനസിനെ യൂണിറ്റ് നേതാക്കൾ കൊടികെട്ടാനും മറ്റു ജോലികൾക്കും നിയോഗിക്കുമായിരുന്നു. ശാരീരിക പ്രശ്‌നങ്ങൾ മൂലം ഇതിന് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് യൂണിയൻ ഓഫീസിൽ വിളിച്ചുവരുത്തി മർദനം തുടങ്ങിയതെന്നും അനസ് പറഞ്ഞു.
പരാതിയ പൊലീസ് കേസെടുത്തെങ്കിലും യൂണിയൻ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. നിരന്തരമായ മർദനത്തെയും ഭീഷണിയെയും തുടർന്ന് അനസിന് കോളജിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്. പൊലീസ് കോളജിലെത്തി തെളിവുകൾ ശേഖരിക്കാൻ അനുമതി തേടിയിട്ടുണ്ട്.
Adjust Story Font
16