ബാങ്ക് ലോൺ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് സംസാരശേഷിയില്ലാത്ത വീട്ടമ്മയുടെ സ്ഥലം തട്ടിയെടുത്തതായി പരാതി
32 സെന്റ് സ്ഥലം തട്ടിയെടുത്തെന്ന് ആരോപിച്ച് വീട്ടമ്മയും ഭർത്താവും കോഴിക്കോട് എലത്തൂർ സ്വദേശിയുടെ വീട്ടുപടിക്കൽ കുത്തിയിരിപ്പ് സമരം തുടങ്ങി.
ബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത വീട്ടമ്മയുടെ സ്ഥലം തട്ടിയെടുത്തതായി പരാതി. 32 സെന്റ് സ്ഥലം തട്ടിയെടുത്തെന്ന് ആരോപിച്ച് വീട്ടമ്മയും ഭർത്താവും കോഴിക്കോട് എലത്തൂർ സ്വദേശിയുടെ വീട്ടുപടിക്കൽ കുത്തിയിരിപ്പ് സമരം തുടങ്ങി.
കുന്ദമംഗലം സ്വദേശിയായ ബീനാ ജസ്സാറിന് ജൻമനാ സംസാരശേഷിയില്ല. വീട് വെയ്ക്കാൻ ലോണെടുക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രവാസിയായ എലത്തൂർ സ്വദേശി മുഹമ്മദലി ഹുസൈനെ ബന്ധു ബീനക്കും ഭർത്താവ് അഹമ്മദ് ജസ്സാറിനും പരിചയപ്പെടുത്തി കൊടുത്തത്. എൻ.ആർ.ഐ അക്കൗണ്ടുള്ളതിനാൽ മുഹമ്മദലി ഹുസൈന് കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ഥലം തട്ടിയെടുത്തെന്നാണ് പരാതി. ലോണെടുക്കുന്നതിനായി ആദ്യം മുഹമ്മദലിയുടെ പേരിൽ ബീനയുടെ 32 സെന്റ് ഭൂമി 2005ൽ രജിസ്റ്റർ ചെയ്തു നൽകി. ലോണെടുക്കുന്ന തുകയിൽ മൂന്ന് ലക്ഷം രൂപ മുഹമ്മദലിക്കും 12 ലക്ഷം രൂപ വീട്ടമ്മക്കുമെന്നായിരുന്നു ധാരണ.
ലോണടച്ച ശേഷം സ്ഥലം തിരികെ ഉടമസ്ഥയുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കുമെന്ന് എഗ്രിമെന്റുമുണ്ടാക്കി. പക്ഷേ സ്ഥലം തിരിച്ചു രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നാരോപിച്ചാണ് കുടുംബം ഇയാൾ താമസിക്കുന്ന തൊണ്ടയാടുള്ള വീടിനു മുമ്പിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. വീട്ടമ്മയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇയാൾ ആധാരം കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. കുടുംബത്തിന് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്..
Adjust Story Font
16