കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി
ബൈക്ക് അപകടത്തിൽ കൈ പൊട്ടിയ ആൾക്ക് നടത്തിയ സർജറിയാണ് മാറിയത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി. കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്തിനാണ് സർജറി മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈ പൊട്ടിയിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്.
മറ്റൊരു രോഗിക്ക് നിർദേശിച്ച അളവിലുള്ള കമ്പി അജിത്തിന് നൽകി. പിഴവ് പറ്റിയപ്പോൾ വീണ്ടും സർജറി നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.
അതെ സമയം കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി.ഡി.എം.ഇ നിയോഗിച്ച സംഘമാണ് അന്വേഷണം നടത്തുന്നത്.കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് നാളെ വിവരം തേടും.
മഞ്ചേരി, വയനാട് മെഡിക്കൽ കോളജുകളിലെ മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയരക്ടറ്ററേറ്റാണ് സംഘത്തെ നിയോഗിച്ചത്. ഇന്നലെ മെഡിക്കൽ കോളജിൽ എത്തിയ സംഘം, ഓപറേഷൻ തിയേറ്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ തുടങ്ങിയവരിൽ നിന്ന് മൊഴിയെടുത്തു.
കുട്ടിയുടെ രക്ഷിതാക്കളോടും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളോട് നാളെ രാവിലെ 10ന് മെഡിക്കൽ കോളജിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തിയ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സന്റെ മൊഴിയും അടുത്ത ദിവസമെടുക്കും. നിലവിൽ സസ്പെൻഷനിലാണ് ഡോക്ടർ.
മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം ഡോക്ടർക്കെതിരെ കേസ്സെടുത്തതിനാൽ മെഡിക്കൽ കോളേജ് എ.സി.പിയാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി അന്വേഷിക്കുന്നത്.
Adjust Story Font
16