Quantcast

എസ്.എഫ്.ഐ പ്രവർത്തകന് നിയമവിരുദ്ധമായി മാർക്ക് കൂട്ടി നൽകിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം; ഗവർണർക്ക് പരാതി

യൂണിവേഴ്സിറ്റിയുടെ അക്കാദമിക് റെഗുലേഷൻ ലംഘിച്ചാണ് വിദ്യാർഥിയുടെ മാർക്ക്‌ വർധിപ്പിച്ചതെന്നാണ് പരാതി.

MediaOne Logo

Web Desk

  • Updated:

    2024-01-19 11:52:26.0

Published:

19 Jan 2024 11:46 AM GMT

Complaint to the Governor seeks judicial inquiry into the illegal addition of marks to the SFI member
X

കോഴിക്കോട്: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ മാർക്ക്‌ ദാനത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് സെനറ്റംഗങ്ങൾ ഗവർണർക്ക് പരാതി നൽകി. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് റെഗുലേഷൻ ലംഘിച്ചാണ് വിദ്യാർഥിയുടെ മാർക്ക്‌ വർധിപ്പിച്ചതെന്നാണ് പരാതി. ഡോ. റഷീദ് അഹമ്മദ്‌, ഡോ. ആബിദ ഫറൂഖി, ഡോ. അബ്ദുൽ ജബ്ബാർ എ.ടി, ഡോ. അൻവർ ഷാഫി എന്നിവരാണ് പരാതി നൽകിയത്.

നേരത്തെ, യൂണിവേഴ്‌സിറ്റി സേവ് ക്യാമ്പയിൻ കമ്മിറ്റിയും പരാതി നൽകിയിരുന്നു. നിയമവിരുദ്ധമായി മാർക്ക് കൂട്ടി നൽകിയ സർവകലാശാല സിന്‍ഡിക്കേറ്റ് നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. ‌മാർക്ക്‌ ദാന വിവാദത്തിൽ വിശദീകരണവുമായി സിൻഡിക്കേറ്റ് രം​ഗത്തെത്തിയിരുന്നു. ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിദ്യാർഥിയെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും മാർക്ക്‌ ദാനമല്ലെന്നുമായിരുന്നു സിൻഡിക്കേറ്റംഗം പി.കെ കലീമുദ്ദീന്റെ വാദം.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എസ്.എഫ്.ഐ പ്രവർത്തകന് സിന്‍ഡിക്കേറ്റ് നിയമവിരുദ്ധമായി മാർക്ക് കൂട്ടി നൽകിയ വാർത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളേജ് വിദ്യാർഥിയായിരുന്ന കെ. ആകാശിനാണ് ഇന്റേണല്‍ മാർക്ക് കൂട്ടി നൽകിയത്. പൂജ്യം മാർക്ക് ലഭിച്ച വിദ്യാർഥിക്ക് ആറു മാർക്കാണ് കൂട്ടി നൽകിയത്.

മാർക്ക് കൂട്ടാനാവില്ലെന്ന മുന്‍ സിൻഡിക്കേറ്റ് തീരുമാനം മറികടന്നായിരുന്നു പുതിയ സിൻഡിക്കേറ്റിന്റെ നടപടി. ചിറ്റൂർ ഗവൺമെന്റ് കോളജിൽ 2016- 19 ബാച്ചിൽ ബി.എസ്.സി ബോട്ടണി വിദ്യാർഥിയായിരുന്ന ആകാശിന് നാലാം സെമസ്റ്ററിലെ ഫിസിക്കൽ ആൻഡ് അപ്ലൈഡ് കെമിസ്ട്രി എന്ന വിഷയത്തിൽ പ്രാക്ടിക്കലിന് പൂജ്യം ഇന്റേണൽ മാർക്കാണ് ലഭിച്ചത്.

മിനിമം ഹാജരില്ലാത്തതും പ്രാക്ടിക്കലിന് ഹാജരാകാതിരുന്നതുമാണ് കാരണം. വിദ്യാർത്ഥി നല്കിയ അപേക്ഷ പരിഗണിച്ച കോളേജിലെ പ്രശ്ന പരിഹാര സെല്‍ യൂണിവേഴ്സിറ്റിയെ സമീപിച്ച് മാർക്ക് കൂട്ടി നൽകാന്‍ ആവശ്യപ്പെട്ടു. എന്നാൽ വിഷയം അന്വേഷിക്കാൻ സിൻഡിക്കറ്റ് രൂപീകരിച്ച സ്റ്റാൻഡിങ് കമ്മിറ്റി മാർക്ക് കൂട്ടി നൽകുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ വർഷം നവംബറില്‍ ആകാശിന് മാർക്ക് കൂട്ടി നൽക​ണമെന്നാവശ്യവുമായി വീണ്ടും ചിറ്റൂർ കോളജിന്റെ അപേക്ഷ വന്നു. മാർക്ക് കൂട്ടാനാവില്ലെന്ന പഴയ തീരുമാനം തിരുത്തിയ പുതിയ നോമിനേറ്റഡ് സിൻഡിക്കേറ്റ് ആകാശിന് മാർക്ക് കൂട്ടി നൽകാന്‍ തീരുമാനിക്കുകയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകനായ ആകാശിന് വേണ്ടി സിൻഡിക്കേറ്റ് മെമ്പറടക്കം ഇടപെട്ടാണ് മാർക്ക് കൂട്ടിയതെന്നാണ് ആക്ഷേപം.





TAGS :

Next Story