Quantcast

മുണ്ടക്കെ ദുരന്തം: സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം - വെൽഫെയർ പാർട്ടി

ദുരന്തത്തിൽ എത്രപേർ മരണപ്പെട്ടു എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നടപടിക്രമങ്ങളുടെ സാങ്കേതികത്വത്തിനപ്പുറം ഇക്കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടാകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    7 Aug 2024 11:40 AM GMT

Comprehensive rehabilitation package to be announced in Mundakkai - Welfare Party
X

തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് ഇരയായ വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ദുരിതബാധിതരായ ജനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. രണ്ടു പ്രദേശങ്ങൾ ഏതാണ്ട് പൂർണമായി ഇല്ലാതായിരിക്കുന്നു. നൂറുകണക്കിന് മനുഷ്യർ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തൊഴിൽശാലകൾ എന്നിവ ഇല്ലാതായിരിക്കുന്നു. ഇതൊന്നും ജനങ്ങൾക്ക് സ്വയം തിരിച്ചുപിടിക്കാൻ ആകില്ല. നഷ്ടങ്ങൾ പരിഹരിച്ച് അവിടുത്തെ ജനങ്ങൾക്ക് പഴയ ജീവിതാവസ്ഥയിലേക്ക് മടങ്ങി വരാൻ കഴിയുന്ന പദ്ധതികൾ സർക്കാർ തന്നെ നടപ്പാക്കണം. ഇതു മുൻനിർത്തിയാണ് പാക്കേജ് തയ്യാറാക്കേണ്ടത്. വയനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ മുൻനിർത്തി വിശദപരിശോധനകളും പഠനവും നടത്തി പദ്ധതി തയ്യാറാക്കണം.

ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നവരെ എത്രയും വേഗം താൽക്കാലിക താമസസൗകര്യങ്ങളിലേക്ക് മാറ്റണം. ഇതിനായി സർക്കാർ കെട്ടിടങ്ങൾ വാടകക്ക് എടുക്കണം. പ്രീ ഫാബ് സൗകര്യങ്ങൾ ഉപയോഗിച്ചും ജനങ്ങളുടെ താമസപ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം. ദുരന്തത്തിൽ എത്രപേർ മരണപ്പെട്ടു എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നടപടിക്രമങ്ങളുടെ സാങ്കേതികത്വത്തിനപ്പുറം ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉണ്ടാകണം. രേഖകൾ പരിശോധിച്ച് ജനപ്രതിനിധികളുടെയും ആശാവർക്കർമാരുടെയും സഹായത്തോടെ വേഗത്തിൽ ഇക്കാര്യം സർക്കാർ പൂർത്തിയാക്കണം.

ദുരിതബാധിതർക്ക് നാമമാത്ര സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഇത്രയും വലിയൊരു ദുരിതത്തിൽ കേരളത്തെ കയ്യൊഴിഞ്ഞിരിക്കുകയാണ്. ഈ അവഗണന അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. രാഷ്ട്രീയ പകപോക്കലിന് പ്രകൃതിദുരന്ത സന്ദർഭങ്ങൾ ഉപയോഗിക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. ഇതിനെതിരെ കേരളത്തിന്റെ പൊതുവികാരം ഉയരണമെന്നും എക്‌സിക്യൂട്ടീവ് ആഹ്വാനം ചെയ്തു.

TAGS :

Next Story