മഹാരാജാസ് കോളജിലെ സംഘര്‍ഷം; ഒരാൾ കൂടി അറസ്റ്റിൽ
കെ.എസ്.യു പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജ്‍ലാലിനെയാണ് അറസ്റ്റ് ചെയ്തത്
കൊച്ചി: മഹാരാജാസ് കോളജ് സംഘര്‍ഷത്തിൽ ഒരാൾ അറസ്റ്റിൽ. എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജ്‍ലാലിനെയാണ് അറസ്റ്റ് ചെയ്തത്. കെ.എസ്.യു പ്രവർത്തകനും എം.എ മലയാളം വിദ്യാര്‍ഥിയുമായ അമൽ , ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 9 പേർക്കെതിരെ വധശ്രമത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഘർഷത്തിന് പിന്നാലെ ജനറൽ ആശുപത്രിയിൽ ഉണ്ടായ അതിക്രമത്തിൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. ഡോക്ടറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അടക്കം ആശുപത്രി സംരക്ഷണ നിയമം പ്രകാരമാണ് എസ്എഫ്ഐ പ്രവർത്തകർ അടക്കമുള്ള 35 ഓളം പേർക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തത്.
ഫ്രറ്റേണിറ്റി പ്രവർത്തകനായ ബിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു അതിക്രമം. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുറഹ്മാനാണ് കുത്തേറ്റത്. കഴിഞ്ഞ കുറച്ചുദിവസമായി ക്യാംപസിൽ നടക്കുന്ന സംഘർഷങ്ങളുടെ ഭാഗമായാണ് സംഭവം. എംജി സർവകലാശാല കലോത്സവത്തിനായി നാടക പരിശീലനം നടക്കുന്നതിനിടെ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചെന്നാണ് എസ്എഫ്ഐയുടെ പരാതി . ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐയുടെ യൂണിറ്റ് സ്ക്രട്ടറി നാസർ അബ്ദുറഹ്മാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Adjust Story Font
16