Quantcast

പുതുപ്പള്ളി: സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്, എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും നേരിടാന്‍ തയ്യാറെന്ന് ഇ.പി

മറ്റു പാര്‍ട്ടിക്കാര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന ആവശ്യം വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം

MediaOne Logo

Web Desk

  • Published:

    25 July 2023 7:31 AM GMT

congress and ldf getting ready for Puthuppally election
X

കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തും. 152 ബൂത്തുകളിലും പ്രത്യേകം ചുമതലക്കാരെ നിയോഗിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് വരെ സ്ഥാനാര്‍ഥിയെ കുറിച്ചുള്ള പരസ്യ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നടത്തില്ല. പകരം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സംഘടനാ സംവിധാനങ്ങളെയാകെ ഈ കാലയളവില്‍ സജ്ജമാക്കും. മണ്ഡലത്തിലെ രണ്ട് ബ്ലോക്കുകളുടേയും ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും കൈമാറി. ഇവര്‍ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. പഞ്ചായത്ത് തലത്തിലും ചുമതലക്കാര്‍ വരും. അത് സംസ്ഥാന നേതാക്കള്‍ തന്നെയാവും. തൃക്കാക്കര മോഡലില്‍ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ക്കെല്ലാം മണ്ഡലത്തില്‍ വിവിധ ചുമതലകള്‍ നല്‍കി പഴുതടച്ച പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്യുക. വൈകാതെ നേതൃയോഗം വിളിച്ചു ചേര്‍ക്കും. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാവും പ്രചാരണം. വിജയം സുനിശ്ചിതമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

പുതുപ്പള്ളിയിൽ ആരുടെയും സൗജന്യം വേണ്ടെന്നും 25000 വോട്ടിന് യു.ഡി.എഫ് ജയിക്കുമെന്നും കെ മുരളീധരന്‍ എം.പി പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാർഥി ആരായാലും പ്രശ്നമില്ല. ഇതാണ് പൊതുവികാരമെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പോരാട്ടം ആശയപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ചാണ്ടിയോടുള്ള ആദരവിന്‍റെ ഭാഗമായി മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്ന ആവശ്യം എല്‍.ഡി.എഫ് തള്ളിയത്. തെരഞ്ഞെടുപ്പ് എപ്പോൾ വന്നാലും നേരിടാൻ തയ്യാറാണെന്നും കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തുടർ നടപടിയുണ്ടാകുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല. രാഷ്ട്രീയ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണത്. ഇഎംഎസിനും നായനാർക്കും എതിരെ മത്സരം ഉണ്ടായിട്ടില്ലേ? ദുർബല രാഷ്ട്രീയമുള്ളവരാണ് തെരഞ്ഞെടുപ്പ് ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മറ്റുള്ളവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന ആവശ്യം വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം.

TAGS :

Next Story