കോൺഗ്രസിന്റെ പ്രാഥമിക സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ഇന്ന് തുടക്കം; മുസ്‍ലിം ലീഗിൻ്റെ യോഗം പാണക്കാട്ട്
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വരവിലുള്ള അനിശ്ചിതത്വം തുടരുന്നതും സിറ്റിംഗ് സീറ്റല്ലാത്ത ആലപ്പുഴയിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തണമെന്നതുമാണ് വെല്ലുവിളി
തിരുവനന്തപുരം-മലപ്പുറം : ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ പ്രാഥമികഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾ ഇന്ന് തുടങ്ങും. സ്ഥാനാർഥി നിർണയം സംബന്ധിച്ച് മുതിർന്ന നേതാക്കൾക്കിടയിൽ ആശയവിനിമയമുണ്ടാകും. ഇന്ന് രാത്രി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തെത്തും. തുടർന്ന് നാളെ സ്ക്രീനിങ് കമ്മിറ്റി യോഗവുമുണ്ടാകും.അതോടെ ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർഥി നിർണയത്തിൽ അന്തിമരൂപമാകാനാണ് സാധ്യത.
വയനാട് ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളിൽ എം.പിമാർ തന്നെ മത്സരിക്കാൻ നേരത്തെ തീരുമാനമായിരുന്നു. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ തന്നെ മത്സരിക്കുമെന്ന കാര്യവും ഉറപ്പായിക്കഴിഞ്ഞു. എന്നാൽ വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ ചർച്ചകൾ നീളും. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വരവിലുള്ള അനിശ്ചിതത്വം തുടരുന്നതും സിറ്റിംഗ് സീറ്റല്ലാത്ത ആലപ്പുഴയിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തണമെന്നതുമാണ് വെല്ലുവിളി. ആലപ്പുഴയിൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിരുന്നു. ഇതും യോഗത്തില്‍ ചർച്ചയാവും.
അതേസമയം, മുസ്‍ലിം ലീഗിൻ്റെ യോഗം ഇന്ന് പാണക്കാട് നടക്കും. സാദിഖലി തങ്ങളുടെ വസതിയിൽ രാവിലെ 10 മുതലാണ് യോഗം നടക്കുക. സ്ഥാനാർഥികളെ ഇന്ന് പ്രഖ്യപിച്ചേക്കും. ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്ത് സ്ഥാനാർഥിയാകും. പൊന്നാനിയിൽ ആര് സ്ഥാനാർഥിയാകും എന്നതിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല . യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, നിലവിലെ മലപ്പുറം എം.പി അബ്ദു സമദ് സമദാനി എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.
Adjust Story Font
16