കോൺഗ്രസും ബിജെപിയും മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും ഒരേ സ്വരത്തിൽ വികസനത്തെ എതിർക്കുന്നു: മുഖ്യമന്ത്രി
"കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ കാലത്തുണ്ടായ അവിശുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പിന് ശേഷവും കൂടുതൽ സജീവമായി തുടരുകയാണ്"
തിരുവനന്തപുരം: കോൺഗ്രസും ബിജെപിയും മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും ഒരേസ്വരത്തിൽ നാടിന്റെ വികസനത്തിന് എതിരെ സംസാരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിന് മുമ്പ് നിലവില്‍വന്ന അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാറിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുമ്പിൽ എൽഡിഎഫ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
'വികസന നേട്ടങ്ങളാണ് എൽഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് ഇടയാക്കിയത്. കേരളം ഒരിഞ്ചു മുമ്പോട്ടുപോകത്തക്ക രീതിയിലുള്ള ഒരു കാര്യവും ഇവിടെ നടക്കാൻ പാടില്ല എന്നവർ തീരുമാനിച്ചു. എൽഡിഎഫ് സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടയിടണം. ആ തീരുമാനത്തിൽ ഇവരെല്ലാവരും ഒന്നിച്ചു നിന്നു. സാധാരണ അവിശുദ്ധ കൂട്ടുകെട്ടും അവസരവാദ സഖ്യവും തെരഞ്ഞെടുപ്പിന്റെ സമയത്താണ് ഉണ്ടാകാറുള്ളത്. ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ കാലത്തുണ്ടായ അവിശുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പിന് ശേഷവും കൂടുതൽ സജീവമായി തുടരുകയാണ്. ആ കൂട്ടത്തിൽ ബിജെപിയും ഉണ്ട് എന്നതു കൊണ്ട് കേന്ദ്രസർക്കാറിനെ കൊണ്ട് എന്തൊക്കെ സഹായം, ഇക്കാര്യത്തിൽ കേരളത്തിന്റെ വികസനത്തിന് എതിരായി ഇടപെടുവിക്കാൻ കഴിയും, ആ ശ്രമവുമുണ്ടായി. ഇതിന്റേതായ ഒട്ടേറെ അനുഭവമാണ് ഇപ്പോൾ നമ്മുടെ കേരളത്തിനുള്ളത്. കോൺഗ്രസും ബിജെപിയും മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും എല്ലാം ഒരേസ്വരത്തിൽ നമ്മുടെ നാടിന്റെ വികസനത്തിന് എതിരെ സംസാരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈയൊരു പശ്ചാത്തലം മനസ്സിൽ വച്ചു കൊണ്ടു വേണം കേരളത്തിനെതിരെയുള്ള കേന്ദ്രഗവൺമെന്റിന്റെ നീക്കങ്ങളെ നാം കാണേണ്ടത്.' - മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'പദ്ധതി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്ന് പ്രചാരണമുണ്ട്. ഇത് സമ്പൂർണ ഹരിതപദ്ധതിയാണ്. ആളുകൾ മാത്രമല്ല, ഈ റെയിലിലൂടെ സഞ്ചരിക്കുക. റോഡിലൂടെ പോകുന്ന ചരക്കുവണ്ടികളുടെ വ്യാപനം വലിയ തോതിൽ കുറയ്ക്കും. കാർബൺ ബഹിർഗമനത്തിൽ വലിയ തോതിലുള്ള കുറവാണ് പദ്ധതി പൂർത്തീകരിക്കുന്നതോടെ സംഭവിക്കാൻ പോകുന്നത്. നാം കാണേണ്ടതും ശ്രദ്ധിക്കേണ്ടതും എടുത്തു പറയേണ്ടതും തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഈ പാത ഒരിടത്തും പരിസ്ഥിതി ലോലപ്രദേശമെന്ന് കണക്കാക്കിയതിലൂടെ മുമ്പോട്ടു പോകുന്നില്ല.' - മുഖ്യമന്ത്രി പറഞ്ഞു.
'തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റയിൽപ്പാത സ്വാഗതാർഹമാണെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. അതിന്റെ ഭാഗമായാണ് അതിന്റെ 49 ശതമാനം ഓഹരി റെയിൽവേയും 51 ശതമാനം സംസ്ഥാന സർക്കാറും എടുത്തു കൊണ്ടുള്ള കമ്പനി രൂപീകരിച്ചത്. അരലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകാനാകും. പൂർത്തീകരണ വേളയിൽ പതിനൊന്നായിരത്തോളം പേർക്ക് തൊഴിലുണ്ടാകും. പദ്ധതിയിൽ ഇതിന് വേണ്ട തുകകൾ വകയിരുത്തിയിട്ടുണ്ട്. ഭൂമി നാട്ടിൽ കുറവാണ് എന്നുള്ളത് കൊണ്ട് അത് ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പ്രയാസങ്ങളുണ്ട്. നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ കഴിയുന്ന റെയിൽ പദ്ധതി നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റും. ഭാവി വികസനത്തിന് വലിയ തോതിൽ സഹായകമായി മാറും. അതിന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്ക് കൃത്യമായ നഷ്ടപരിഹാരം നൽകും. അതിന് വകയിരുത്തിയത് 7075 കോടി രൂപയാണ്. പദ്ധതി പ്രദേശങ്ങളിൽ ഉള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടി വരും. അതിന് മതിയായ നഷ്ടപരിഹാരം നൽകണം. അതിനായി 4460 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പുനരിധിവാസത്തിനായി 1730 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോൾ അതിന്റെ ഭാഗമായി വിഷമം അനുഭവിക്കുന്നവർക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ പദ്ധതിയും ഉറപ്പുവരുത്തിയിട്ടുണ്ട്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16