Quantcast

തൃശൂരിലെ പ്രചാരണം തകിടം മറിഞ്ഞു; കോൺഗ്രസിൽ ശുദ്ധികലശമുണ്ടാവുമോ?

കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗും തൃശൂരില്‍ അടിത്തറ തോണ്ടിയ നിലയിലാണ്

MediaOne Logo
congress thrissur rally
X

ത്രികോണ മത്സരം നടന്ന തൃശൂരിലെ ഫലം എന്ത് തന്നെയായാലും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കൂടി. നിഗ്രഹ സ്വഭാവമുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തിന് പേരുകേട്ട തൃശൂരില്‍ സ്ഥാനാർഥിയായ കെ. മുരളീധരന്‍ അതിന്‍റെ എല്ലാ ദുരിതവും ഇക്കുറി അനുഭവിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ ടി.എന്‍ പ്രതാപന്‍, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാന്‍ എം.പി വിന്‍സന്റ്, അനില്‍ അക്കരെ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. പ്രചാരണ പരിപാടികള്‍ക്കായി മുരളീധരന്‍ സ്വന്തം സംവിധാനമുണ്ടാക്കാന്‍ നിർബന്ധിതനായി.

തൃശൂർ, ഒല്ലൂർ, പുതുക്കാട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം അതീവ ദുർബലമായിരുന്നു. പ്രചാരണത്തിനായി തൃശൂർ നഗരത്തില്‍ നൂറു പ്രവർത്തകരെ സംഘടിപ്പിക്കാന്‍ പോലും നേതാക്കള്‍ക്ക് കഴിയാത്ത സ്ഥിതിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു , ദലിത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളൊന്നും പ്രചാരണ ചിത്രത്തിലേ ഇല്ലായിരുന്നു. മഹിളാ കോണ്‍ഗ്രസ് മാത്രമാണ് അപവാദം.

ഡി.കെ ശിവകുമാറിന്‍റെ പരിപാടിക്കും ആളെത്തിയില്ല

ജനക്കൂട്ടത്തെ ആകർഷിക്കാന്‍ ശേഷിയുള്ള കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഒല്ലൂരില്‍ പ്രചാരണത്തിന് എത്തിയപ്പോള്‍ സംഘടനാ ദൗർബല്യം തെളിഞ്ഞുകണ്ടു. നൂറ്റമ്പതോളം പ്രവർത്തകരേ പരിപാടിക്ക് എത്തിയുള്ളൂ. നേരത്തേ പ്രചാരണം കൊടുക്കാനോ പ്രവർത്തകരെ എത്തിക്കാനോ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരോ ടി.എന്‍ പ്രതാപനോ തയ്യാറായില്ല. പരിപാടിയുടെ തൊട്ടുമുമ്പ് കെ. മുരളീധരന്‍റെ ടീം തന്നെ രംഗത്തിറങ്ങിയാണ് കുറച്ചുപേരെയെങ്കിലും എത്തിച്ചത്. പരിപാടിക്ക് ശേഷം ജോസ് വള്ളൂരിനോടും ടി.എന്‍ പ്രതാപനോടും കെ. മുരളീധരന്‍ ശക്തമായ അമർഷം പ്രകടിപ്പിക്കുകയും ചെയ്തു.

പ്രചാരണത്തിന് മുരളീധരന്റെ സ്വന്തം സംവിധാനം

എല്ലായിടത്തും രണ്ടാം നിര നേതാക്കളില്‍ ഏതാനും പേരെ വെച്ചാണ് കെ. മുരളീധരന്‍ പ്രചാരണം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സമ്പൂർണ പരാജയമായിരുന്നു. 25 പേരെ പോലും സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നാണ് കെ. മുരളീധരന് ഒപ്പമുള്ളവരുടെ പരാതി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും എത്തിയ കെ. മുരളീധന്റെ അനുയായികള്‍ക്ക് പ്രചാരണത്തിന്റെ മേല്‍നോട്ട ചുമതലയും നല്‍കി. ഫണ്ട് വിതരണം അടക്കമുള്ള കാര്യങ്ങളില്‍ മണ്ഡലത്തിലെ ആരെയും ആശ്രയിക്കാനാകാത്ത സ്ഥിതിയുമുണ്ടായി.

വേറിട്ടുനിന്ന് മഹിളാ കോണ്‍ഗ്രസ്

മഹിളാ കോണ്‍ഗ്രസ് പ്രവർത്തകരുടെ സജീവ സാന്നിധ്യമാണ് തൃശൂരില്‍ കെ. മുരളീധരന് അല്‍പമെങ്കിലും ആശ്വാസം പകർന്ന ഘടകം. തൃശൂർ നഗരത്തില്‍ നടത്തിയ പെണ്‍പൂരം പരിപാടിയില്‍ ആയിരത്തിലധികം വനിതാ പ്രവർത്തകരെ അണിനിരത്താന്‍ മഹിളാ കോണ്‍ഗ്രസിനായി. മണ്ഡലത്തിലെ മഹിളാ കോണ്‍ഗ്രസ് ബ്ലോക് കമ്മിറ്റികളെല്ലാം പെണ്‍പൂരത്തിന് പ്രവർത്തകരെ എത്തിച്ചു. നാട്ടിക ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ മഹിളകളുടെ സ്ക്വാഡുകള്‍ പ്രവർത്തിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ പ്രവർത്തനത്തിന് ജില്ലാ നേതൃത്വം മേല്‍നോട്ടം വഹിക്കുകയും ചെയ്തു. പുരുഷന്‍മാർ നയിക്കുന്ന മറ്റ് പോഷക സംഘടനകളെല്ലാം അതീവ ദുർബലത പ്രകടമാക്കിയപ്പോഴാണ് മഹിളാ കോണ്‍ഗ്രസ് തൃശൂരില്‍ വേറിട്ടുനിന്നത്.

200 ബൂത്ത് കമ്മിറ്റികള്‍ അനാഥം

തൃശൂർ മണ്ഡലത്തിലെ 1275 ബൂത്തുകളില്‍ മൂന്നൂറെണ്ണത്തിലും കോണ്‍ഗ്രസിന് പ്രസിഡന്റുമാർ ഉണ്ടായിരുന്നില്ല. കെ. മുരളീധരന്‍ മത്സരിക്കാന്‍ എത്തിയ ശേഷമാണ് പകരക്കാരെ വെക്കാനുള്ള ശ്രമം പോലുമുണ്ടായത്. എന്നിട്ടും 200 ബൂത്തുകളില്‍ ചുമതലക്കാര നിശ്ചയിക്കാനായില്ല. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരോ ടി.എന്‍ പ്രതാപനോ ഇതിലൊന്നും താൽപ്പര്യമെടുത്തില്ല. പ്രധാന നേതാക്കളുടെ സാന്നിധ്യം പൊതുയോഗങ്ങളില്‍ മാത്രമായി ഒതുങ്ങി. ദൈനംദിന അവലോകന യോഗങ്ങളില്‍ പലപ്പോഴും കെ. മുരളീധരൻ പൊട്ടിത്തെറിക്കുന്ന സ്ഥിതിയുണ്ടായി.

തൃശൂരിലെ പ്രചാരണം പൊളിയുന്നതിനെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും കൃത്യമായ വിവരമുണ്ടായിരുന്നു. എ.ഐ.സി.സിയുടെ പ്രത്യേക നിരീക്ഷണ സംഘവും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ പരിമതികളെയും മറികടക്കുന്ന തരംഗമുണ്ടാകുമെന്നും അപ്പോള്‍ തൃശൂരും വിജയിക്കുമെന്ന് ആശ്വസിച്ച് ആരും ഒന്നും പുറത്തുപറഞ്ഞില്ല.

കെ.പി.സി.സി നേതൃത്വം ഇടപെട്ടാലും പ്രത്യേകിച്ച് ഒന്നും ചെയ്യാനാകാത്ത സംഘടനാ ദൗർബല്യം തൃശൂരിലുണ്ടെന്ന് വി.ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ക്ക് നല്ല ബോധ്യമുണ്ട്. പ്രചാരണം പോരെന്ന വിമർശനമുയർന്നപ്പോഴെല്ലാം ഗ്രാമീണ മേഖലയിലാണ് യു.ഡി.എഫ് പ്രചാരണം സജീവമെന്ന മറുപടിയാണ് കെ. മുരളീധരന്‍ നല്‍കിയിരുന്നത്. മുസ്ലിം ലീഗിന് സ്വാധീനമുള്ള തീരദേശ മണ്ഡലങ്ങളില്‍ കെ. മുരളീധരന്‍ കൂടുതല്‍ സജീവമാകാനുള്ള കാരണവും ഇതാണ്. തീരദേശ റാലി നടത്തിയപ്പോഴും മുസ്ലിം ലീഗിന്‍റെ ആവേശം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായില്ല.

സി.എന്നിന് ശേഷം പ്രളയം

സി.എന്‍ ബാലകൃഷ്ണന് ശേഷം തൃശൂരില്‍ കോണ്‍ഗ്രസ് വലിയ തകർച്ച നേരിടുകയാണ്. യു.ഡി.എഫിനും കോണ്‍ഗ്രസിനുമായി ജില്ലയില്‍ ആകെയുള്ളത് ചാലക്കുടിയിലെ എം.എല്‍.എയാണ്. രണ്ടാം നിരയില്‍ പോലും എടുത്ത് പറയത്തക്ക നേതാക്കളില്ല. മുസ്ലിം - ക്രൈസ്തവ മേഖലകളില്‍ സി.പി.എം നന്നായി പിടിമുറുക്കി. നായർ വോട്ടർമാർ കാര്യമായി ബി.ജെ.പിയിലേക്ക് ചേക്കേറി.

ഫലത്തില്‍ തൃശൂർ കോർപറേഷനോ ചാവക്കാട് നഗരസഭയോ പോലും സ്വപ്നം കാണാനാകാത്ത വിധം കോണ്‍ഗ്രസ് തകർന്നു. കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗും തൃശൂരില്‍ അടിത്തറ തോണ്ടിയ നിലയിലാണ്. ഗുരുവായൂർ നിയമസഭാ മണ്ഡലം സ്വപ്നം കാണാന്‍ പോലും കഴിയാത്ത വിധം ലീഗ് പല ഗ്രൂപ്പുകളായി മാറി. തൃശൂരിലെ പാർട്ടിയെ നേരെ നിർത്താന്‍ ആറ് മാസം മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരു ശ്രമം നടത്തിയിരുന്നു. ഒരടി പോലും മുന്നോട്ടുവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

തൃശൂരില്‍ അഞ്ച് സീറ്റെങ്കിലും ജയിക്കാതെ സംസ്ഥാനത്ത് ഭരണം സ്വപ്നം കാണാനാകില്ല. കെ. മുരളീധരനെ വിജയിച്ചിപ്പ് തൃശൂരില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശരിയാക്കിയെടുക്കാമെന്ന പ്രതീക്ഷയാണ് സതീശനുള്ളത്. അത് കൂടി കണക്കാക്കിയാണ് അവസാന മണിക്കൂറില്‍ കെ. മുരളീധരനെ തൃശൂരിലിറക്കുന്ന തന്ത്രം പ്രയോഗിച്ചത്. തൃശൂർ പാർട്ടിയിലെ പ്രശ്നങ്ങളെന്തെന്ന് നേരിട്ട് അനുഭവിക്കാൻ മുരളീധരന് ഈ തെരഞ്ഞെടുപ്പ് കാലത്ത് സാധിച്ചു. ഈ പ്രശ്നങ്ങൾക്കെല്ലാമിടയിൽ മുരളീധരൻ ജയിക്കുകയാണെങ്കിൽ അത് ഒരു അൽഭുതമായിരിക്കും. പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പിൽ അൽഭുതങ്ങൾ കോൺഗ്രസിൻ്റെ രക്ഷക്കെത്തുകയുമില്ല.

TAGS :

Next Story