Quantcast

'ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസിനാവില്ല'; ലീഗിനെ വീണ്ടും ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ഇ.പി ജയരാജൻ

മുസ്‌ലിം ലീഗിന്റെ പൂർവകാല നേതാക്കളുടെ മാർഗമായ മതനിരപേക്ഷ വഴിയിലേക്ക് ലീഗ് തിരിച്ചു വന്നാൽ ലീഗിന് നിലനിൽക്കാൻ കഴിയുമെന്നും മാറിചിന്തിക്കാൻ വൈകിയാൽ ലീഗിന്റെ പതനം വേഗത്തിലാകുമെന്നും ഇ.പി ജയരാജൻ

MediaOne Logo

Web Desk

  • Updated:

    2022-07-29 12:32:48.0

Published:

29 July 2022 12:05 PM GMT

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസിനാവില്ല; ലീഗിനെ വീണ്ടും ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ഇ.പി ജയരാജൻ
X

മലപ്പുറം: മുസ്‌ലിം ലീഗിനെ വീണ്ടും ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് എൽ.ഡി.എഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനോ രാജ്യത്തെ രക്ഷിക്കാനോ ഇനി കോൺഗ്രസിനാകില്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. മുസ്‌ലിം ലീഗ് മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കാളികാവിൽ സഖാവ് കുഞ്ഞാലിയുടെ 53ാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

മുസ്‌ലിം ലീഗിന്റെ പൂർവകാല നേതാക്കളുടെ മാർഗമായ മതനിരപേക്ഷ വഴിയിലേക്ക് ലീഗ് തിരിച്ചു വന്നാൽ ലീഗിന് നിലനിൽക്കാൻ കഴിയും. മാറിച്ചിന്തിക്കാൻ വൈകിയാൽ ലീഗിന്റെ പതനം വേഗത്തിലാകും. കോൺഗ്രസും ബിജെപിയും ചില മാധ്യമങ്ങളും ഇ.ഡിയെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അതാണ് കേരളത്തിൽ നടക്കുന്ന കോലാഹലങ്ങളെന്നും എൽ.ഡി.എഫ് കൺവീനർ കൂട്ടിച്ചേർത്തു. ഇ.ഡിക്കെതിരെ കേരളത്തിലെ കോൺഗ്രസ് നടത്തിയ സമരങ്ങളിലെ മുദ്രാവാക്യവും പിണറായിക്കും സംസ്ഥാന സർക്കാറിനുമെതിരെയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ 19 കേസുകളിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ഗുണ്ടകളെ പറഞ്ഞയച്ച് അക്രമിക്കാൻ ശ്രമം നടത്തി. ജനനായകനായ പിണറായിയെ സംരക്ഷിക്കാൻ ജനങ്ങൾ തയ്യാറാണെന്നും ഇ പി ജയരാജൻ പറഞ്ഞു. ജനക്ഷേമവും വികസനവും ഒരുമിച്ചുകൊണ്ടുപോകുന്ന കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ ദുർബലമാക്കാൻ ബി.ജെ.പി, ആർ.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നിവയെ യു.ഡി.എഫ് കൂട്ടുപിടിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിൽ ലീഗ് വട്ടപ്പൂജ്യമായി. അതുകൊണ്ടു നിങ്ങളുടെ ഭാവി സംരക്ഷിക്കണമെന്നുണ്ടെങ്കിൽ മൺമറഞ്ഞുപോയ നേതാക്കളുടെ മതനിരപേക്ഷ നിലപാടുകൾക്കൊപ്പം നിലകൊണ്ട് സി.പി.എമ്മിനൊപ്പം ചേർന്നാൽ മുസ്‌ലിം ലീഗിനു നല്ലതാണെന്നും ജയരാജൻ പറഞ്ഞു. അതല്ല, കമ്മ്യൂണിസ്റ്റ് വിരോധം വെച്ചു പ്രവർത്തിക്കാനാണ് ഉദ്ദേശമെങ്കിൽ നിങ്ങൾക്കൊന്നും നേടാനാവില്ലെന്നും ജയരാജൻ ഓർമിപ്പിച്ചു. രാഹുൽഗാന്ധിയേയും സോണിയാഗാന്ധിയേയും ഇ.ഡി വേട്ടയാടുമ്പോൾ കേരളത്തിലെ കോൺഗ്രസ് പ്രതിരോധം ദുർബലമായിരുന്നു. കോൺഗ്രസിന്റെ പിടിപ്പുകേടും വർഗീയതയും മുതലെടുത്താണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്. കോൺഗ്രസ് തുടങ്ങിവച്ച അതേ നയംബിജെപിയും നടപ്പാക്കുന്നു.

ഒന്നര മണിക്കൂറിലധികം നീണ്ട് നിന്ന തന്റെ പ്രസംഗത്തിൽ ഇ.പി ജയരാജൻ സംസ്ഥാനത്തെ പ്രധാന വിവാദങ്ങളൊന്നും പരാമർശിച്ചില്ല. സഖാവ് കുഞ്ഞാലിയുടെ ചരിത്രവും, സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങളും സി പി എം ചരിത്രവുമെല്ലാം ഇ പി ജയരാജൻ സവിസ്തരം പ്രതിപാദിച്ചു. കോൺഗ്രസിനേയും ബിജെപിയേയും കടന്നാക്രമിക്കാനും മുസ്‌ലിം ലീഗിനെ ഉപദേശിക്കുകയും ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾക്ക് കാരണമാകും. കുഞ്ഞാലി സ്മാരക മന്ദിരത്തിനു മുന്നിൽ ശിൽപ്പി കുബ്രാട്ടിൽ മുരളി നിർമിച്ച സഖാവ് കുഞ്ഞാലിയുടെ പ്രതിമയുടെ അനാഛാദനവും ഇ.പി ജയരാജൻ നിർവഹിച്ചു. ചോക്കാട് പെടയന്താൾ സ്വദേശിയായ പ്രശസ്ത ശിൽപി മുരളിയെ ഇ പി ജയരാജൻ മൊമെന്റാ നൽകി ആദരിച്ചു. ഹംസ ആലുങ്ങലിന്റെ സഖാവ് കുഞ്ഞാലി അഞ്ചാം പതിപ്പ് പ്രകാശനവും, പാർട്ടി ഓഫീസ് നവീകരണത്തിന് പണം കണ്ടെത്താൻ ആടുകളെയും താറാവുകളേയും സംഭാവന ചെയ്ത കൊല്ലാരൻ ആലിയെ അദ്ദേഹം ആദരിക്കുകയും ചെയ്തു. ചടങ്ങിൽ ഡി വൈ എഫ് ഐ കേന്ദ്ര കമ്മറ്റി അംഗം ജെയ്ക് സി തോമസ് ഉൾപ്പടെ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു.

TAGS :

Next Story