കേരളത്തിൽ ലീഗിന്റെ തണലിൽ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസ്, അവരില്ലെങ്കിൽ ഒരു സീറ്റിൽ ജയിക്കുമോ: ഇ.പി ജയരാജൻ
ഉത്തർപ്രദേശിലടക്കം നശിച്ചു കൊണ്ടിരിക്കുന്ന ഈ ഗതികെട്ട പാർട്ടിയോട് എന്ത് പറയാനാണെന്നും കോൺഗ്രസിന്റെ കെ റെയിൽ സമരത്തെ വിമർശിച്ച് മാധ്യമങ്ങളോട് സംസാരിക്കാവേ അദ്ദേഹം പറഞ്ഞു
മുസ്‌ലിം ലീഗിന്റെ തണലിൽ കഴിഞ്ഞുകൂടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അവരില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസുണ്ടോയെന്നും ഒരു സീറ്റിൽ ജയിക്കുമോയെന്നും ഇ.പി ജയരാജൻ. ഉത്തർപ്രദേശിലടക്കം നശിച്ചു കൊണ്ടിരിക്കുന്ന ഈ ഗതികെട്ട പാർട്ടിയോട് എന്ത് പറയാനാണെന്നും കോൺഗ്രസിന്റെ കെ റെയിൽ സമരത്തെ വിമർശിച്ച് മാധ്യമങ്ങളോട് സംസാരിക്കാവേ ഇ.പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് വളരെ ന്യൂനപക്ഷമാണെന്നും ബാക്കിയുള്ള ഭൂരിപക്ഷത്തിനും കെ റെയിൽ വേണമെന്നും അവർ വികസനം ആഗ്രഹിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലരും സ്ഥലവുമായി ഇങ്ങോട്ട് വരികയാണെന്നും എല്ലാവർക്കും പണം നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കൽ നടത്തൂവെന്നും കെ-റെയിൽ സമരത്തിനു പിന്നിൽ വിവര ദോഷികളാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണെന്നും അതുകൊണ്ടാണിതൊക്കെ കാണിച്ചു കൂട്ടുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. വളരെ കമ്മിറ്റഡായ കുറച്ചു കോൺഗ്രസ് പ്രവർത്തകരാണ് സമരത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിയെ എതിർത്ത കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തലയിൽ മുണ്ടിട്ട് കിഫ്ബി ഓഫിസിനു മുന്നിൽ പോയി ആനുകൂല്യത്തിന് കാത്ത് നിൽക്കുകയാണെന്നും കെ റെയിൽ സമരത്തിൽ ജനങ്ങളില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ പോയി കുറ്റി പറിക്കട്ടെയെന്നും സിപിഎം നേതാവ് ഇ.പി ജയരാജൻ പറഞ്ഞു. കെ-റെയിലിനെതിരായ സമരത്തിൽ നിന്ന് കോൺഗ്രസ് ഒട്ടും പുറകോട്ടില്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ.പി ജയരാജന്റെ പ്രതികരണം. കോൺഗ്രസ് നേതാക്കൾ വരാത്തത് കൊണ്ട് പാർട്ടി കോൺഗ്രസ് തകർന്നു പോകില്ലെന്നും അവരോട് പോയി പണി നോക്കാൻ പറയൂവെന്നും ഇ.പി ജയരാജൻ പറഞ്ഞു. ഇന്ത്യയിലെ സംസ്‌കാരം പരസ്പരം ചടങ്ങുകളിൽ പങ്കെടുക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ റെയിൽ സമരക്കാരോട് സൗമ്യതയോടെയാണ് പെരുമാറുന്നതെന്നും സിപിഐ വിമർശനത്തോട് പ്രതികരിക്കവേ ഇ.പി അവകാശപ്പെട്ടു. തീവ്രവാദ സംഘടനകൾ നാടിന്റെ വികസനത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടാകാമെന്നും സജി ചെറിയാൻ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാകാമെന്നും അദ്ദേഹം പറഞ്ഞു.
Congress is the party in the shadow of the Muslim League in Kerala, will it win a seat without them: EP Jayarajan
Adjust Story Font
16