പണം മാത്രം എടുത്തു, രേഖകളെല്ലാം ഉടമസ്ഥന് തിരികെ നൽകി; കള്ളന്റെ സത്യസന്ധതയ്ക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ്
ഡിസിസി ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവാണ് പേഴ്സ് തിരികെയേൽപ്പിച്ച കള്ളന് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചത്
കോഴിക്കോട്: പോക്കറ്റടിച്ച പേഴ്‌സിൽനിന്ന് പണം മാത്രമെടുത്തു ഒടുവിൽ രേഖകൾ തിരികെ നൽകിയ മോഷ്ടാവിനോട് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ്. ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ മോഹനൻ പാറക്കടവാണ് പേഴ്സ് തിരികെയേൽപ്പിച്ച കള്ളന് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചത്.
ചിന്തൻശിബിരം കഴിഞ്ഞു മടങ്ങവെ കോഴിക്കോട് ബസ് സ്റ്റാന്റ് പരിസരത്തുവെച്ചാണ് മോഹനൻ പാറക്കടവിന്റെ പേഴ്സ് കാണാതാവുന്നത്. വണ്ടികൂലിയും മറ്റ് തിരിച്ചറിയൽ രേഖകളും അടക്കം പേഴ്സിലാണ് സൂക്ഷിച്ചത്. ഒടുവിൽ കൂടെയുള്ള പ്രവർത്തകരിൽ നിന്നും പണം വാങ്ങിയാണ് നാട്ടിലെത്തിയതെന്നും മോഹനൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
എ ടി എം കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് നിന്നൊരു ഫോൺ കോൾ. എന്തെങ്കിലും നഷ്ടപ്പെട്ടിരുന്നോയെന്ന് ചോദിച്ച് കോഴിക്കോട് തപാൽ ഓഫീസിൽ നിന്നും കോൾ വന്നു. പേഴ്സ് ലഭിച്ചിട്ടുണ്ട്, എന്നാൽ പണം അതിൽ ഇല്ലെന്നും വിളിച്ചയാൾ അറിയിച്ചു.
മോഹനന്റേത് ഉൾപ്പെടെ നാല് പേഴ്സുകൾ പോക്കറ്റടിച്ച കള്ളൻ പണം കൈക്കലാക്കിയ ശേഷം തപാൽ ബോക്സിൽ നിക്ഷേപിക്കുകയായിരുന്നു. പണം മാത്രം എടുത്ത്, കാർഡുകളും രേഖകളും തിരികെയേൽപ്പിച്ച 'അജ്ഞാതനായ പോക്കറ്റടിക്കാരനോട്' നന്ദി അറിയിച്ചിരിക്കുകയാണ് മോഹനൻ പാറക്കടവ്.
മോഹനൻ പാറക്കടവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നന്ദി ...
പോസ്റ്റൽ വകുപ്പിനും പോക്കറ്റടിക്കാരനും .....
ചിന്തൻ ശിബിരം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ കോഴിക്കോട് ബസ് ബസ്റ്റാന്റ് പരിസരത്തു നിന്നുമാണെന്ന് തോന്നുന്നു എന്റെ പേഴ്‌സ് കാണാതാവുകയായിരുന്നു .എല്ലാ ഐഡന്റിറ്റി കാർഡുകളും പേസ്സിനകത്തായിരുന്നു . വണ്ടിക്കൂലിക്കായി കരുതിയ 700 രൂപ പോയതിനേക്കാൾ സങ്കടം ഐ ഡി കാർഡുകൾ നഷ്ടപ്പെട്ടതിലാ.. . രാത്രിയിൽ ഡോക്ടർ ബാസിത്തിനെ വിളിച്ചുവരുത്തി നാട്ടിലെത്താനുള്ള പണം പണം കടം വാങ്ങി.ബസ്സിൽ കൂടെ കയറിയ ബാബു ഒഞ്ചിയവും കാവിൽ രാധാകൃഷ്ണനും ബസ് ചാര്ജും ചായയും വാങ്ങിത്തന്നു . എ ടി എം കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് നിന്നൊരു ഫോൺ കാൾ .
എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം,പേഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അത് കിട്ടിയിട്ടുണ്ടെന്നായിരുന്നു മറുപടി . കാർഡുകൾ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയത് . ഉണ്ടെന്ന് പറഞ്ഞപ്പോൾ ആശ്വാസമായി. ''പക്ഷേ പണമില്ല',കോഴിക്കോട്ടെ ഹെഡ് പോസ്റ്റ് ഓഫീസിലെ രഞ്ജിത്ത് സാറായിരുന്നു വിളിച്ചത്, എന്റേത് ഉൾപ്പെടെ നാലോളം പേഴ്‌സുകൾ പോക്കറ്റടിക്കാരൻ പണമെടുത്ത ശേഷം തപാൽ ബോക്‌സിൽ നിക്ഷേപിച്ചു വത്രേ, അങ്ങിനെയാണ് ഹെഡ് പോസ്റ്റ് ഓഫീസിലെ രഞ്ജിത്ത് സാറിന് അവ കിട്ടുന്നത്. പോസ്റ്റൽ വകുപ്പിലെ എന്റെ സുഹൃത്തായ കരീം വളവിലും വിഷയത്തിൽ ഇടപെട്ടതോടെ എല്ലാം എളുപ്പമായി .
കഴിഞ്ഞ ദിവസം നാട്ടിലെ പോസ്റ്റ് ഓഫീസിൽ പേഴ്‌സ് എത്തി....രഞ്ജിത്തിനെയും കരീമിനെയും വിളിച്ചു നന്ദി അറിയിച്ചു .... പക്ഷേ, കാർഡുകളും രേഖകളും തിരിച്ചു തന്ന അജ്ജാതനായ പോക്കറ്റടിക്കാരനോട് നന്ദി പറയാതിരിക്കാനാവില്ലല്ലോ, ... നന്ദി, കൂടെ തപാൽ വകുപ്പിനും .....
Adjust Story Font
16