Quantcast

തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ-കെ. മുരളീധരന്‍

പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് നേരത്തെ സിപിഐ നേതാവ് വി.എസ് സുനിൽകുമാർ ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    3 Sep 2024 7:22 AM GMT

തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ-കെ. മുരളീധരന്‍
X

കൊല്ലം: സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വേണ്ടിയാണ് തൃശൂര്‍ പൂരം കലക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രംഗത്തില്ലാതിരുന്ന സ്ഥാനാർഥിയെ പൂരം കലക്കിയതോടെ രംഗത്തെത്തിച്ചു. കമ്മിഷണർ വിചാരിച്ചാൽ പൂരം കലങ്ങില്ല. അജിത് കുമാറിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. മുരളീധരന്‍. സുരേഷ് ഗോപിക്ക് വേണ്ടി പൂരം അലങ്കോലമാക്കിയെന്നത് ഏപ്രിലിൽ തന്നെ ഞാൻ പറഞ്ഞ കാര്യമാണ്. കമ്മിഷണർ വിചാരിച്ചാൽ പൂരം കലങ്ങില്ലെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിൽ അജിത് കുമാറിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വരുന്നത്. സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയത്. രംഗത്തില്ലാതിരുന്ന സ്ഥാനാർഥിയെ പൂരം കലക്കിയതോടെ രംഗത്തേക്ക് എത്തിച്ചു. അതുവരെയും യുഡിഎഫ്-എൽഡിഎഫ് മത്സരമായിരുന്നുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നുപോലും മാറ്റിയിട്ടില്ല. ആരോപണവിധേയന്‍റെ കീഴുദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അജിത് കുമാർ പൂരം കലക്കിയെങ്കിൽ അതിന്‍റെ കാരണക്കാരൻ പിണറായി വിജയൻ തന്നെയാണ്. അദ്ദേഹത്തെ സർവീസിൽനിന്നു പുറത്താക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകണം. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് നേരത്തെ സിപിഐ നേതാവ് വി.എസ് സുനിൽകുമാർ ആരോപിച്ചിരുന്നു. വിവാദം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായി. വിഷയത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൂരം കലക്കിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. ഇതു യാദൃച്ഛികമായി സംഭവിച്ച കാര്യമല്ല. സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണം. പൂരം വിവാദത്തിൽ നടത്തിയ അന്വേഷണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇതു പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും സുനിൽ കുമാർ അറിയിച്ചു.

Summary: Congress leader K Muraleedharan alleges that Thrissur Pooram was messed up to make Suresh Gopi win

TAGS :

Next Story