മുതിര്‍ന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു
കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റും ഹോർട്ടികോർപ്പ് മുൻ ചെയർമാനുമാണ്
ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവും കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു. 70 വയസായിരുന്നു. രാത്രി 8.45ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും ഹോർട്ടികോർപ്പ് മുൻ ചെയർമാനുമാണ്.
വിദ്യാഭ്യാസകാലം മുതൽ പിതാവിന്റെ രാഷ്ട്രീയത്തിൽനിന്നു വ്യത്യസ്തനായി കോൺഗ്രസ് ചിന്താഗതിയിലേക്ക് മാറി. ഇന്ദിരാ ഗാന്ധിയോടും കെ. കരുണാകരനോടുമുള്ള ആത്മബന്ധമാണ് കോൺഗ്രസിൽ ഉറപ്പിച്ചുനിർത്തിയത്. 1980ൽ കർഷക കോൺഗ്രസിന്റെ സംസ്ഥാന ട്രഷററായി. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, നീണ്ട 17 വർഷം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
2016ൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ കർഷക സംഘടന രൂപീകരിക്കാനായി അദ്ദേഹത്തെ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓഡിനേറ്ററായി എഐസിസി നിയമിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോർട്ടികോർപ്പ് ചെയർമാനായി അഞ്ചു വർഷം പ്രവർത്തിച്ചു. 2021ൽ യുഡിഎഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു.
ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വർഗീസ് വൈദ്യൻ. മരുമകൾ: ആൻ വൈദ്യൻ കൽപകവാടി. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന്.
Summary: Senior Congress leader and Kisan Congress National Vice President Lal Varghese Kalpakavadi passes away
Adjust Story Font
16