ഉമ തോമസ് അപകടനില തരണം ചെയ്തില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ; വെന്‍റിലേഷനില്‍ തുടരും
തലച്ചോറിലെ രക്തസ്രാവം കൂടാത്തത് ആശ്വാസകരമാണെന്നും മെഡിക്കല്‍ സംഘം
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വെന്‍റിലേഷൻ സഹായം തുടരണം. ശ്വാസകോശത്തിലെ ചതവ് മൂലമുണ്ടായ രക്തസ്രാവം ഗുരുതരമാണ്. തലച്ചോറിലെ രക്തസ്രാവം കൂടാത്തത് ആശ്വാസകരമാണെന്നും രണ്ടാമത്തെ സി.ടി സ്കാനിന് ശേഷം വിദഗ്ധ മെഡിക്കൽ സംഘം അറിയിച്ചു.
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസിനെ ഇന്നലെ വൈകുന്നേരമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിലെ ചതവുകളിൽ അണുബാധയുണ്ടായതിനാൽ ആന്‍റിബയോട്ടിക്കുകൾ നൽകി വരികയാണെന്ന് മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ഡോക്ടർമാർ വ്യക്തമാക്കി.
അതീവ ഗുരുതരവസ്ഥയില്ലെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരമായതിനാൽ കുറച്ചുദിവസം കൂടി വെന്‍റിലേറ്ററിൽ തുടരണം. എന്നാൽ ആന്തരിക രക്തസ്രാവം വർദ്ധിക്കാത്തതും തലച്ചോറിലെ പരിക്കുകൾ ഗുരുതരമാകാത്തതും ആശ്വാസമാണെന്നും ഡോക്ടർമാർ അറിയിച്ചു. നട്ടെല്ലിന് പരിക്കുണ്ടെങ്കിലും സാരമുള്ളതല്ല. കോട്ടയത്ത് നിന്നെത്തിയ വിദഗ്ധ സംഘവും പരിശോധനകൾ നടത്തി.
Adjust Story Font
16