Quantcast

‘സി.പി.എമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുത്’; ജോസ് കെ. മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം

‘എൽ.ഡി.എഫില്‍ ചേക്കേറാൻ പ്രേരിപ്പിച്ചത്‌ സംസ്ഥാന മന്ത്രിയാകാനുള്ള അത്യാര്‍ത്തി’

MediaOne Logo

Web Desk

  • Published:

    15 May 2024 4:38 AM GMT

jose k mani
X

തിരുവനന്തപുരം: എതിരാളികള്‍ മനസ്സില്‍ കാണുന്നത്‌ മാനത്ത്‌ കാണുന്ന അതീവ കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു കെ.എം. മാണിയെന്നും അത്തരമൊരു മനസ്സോ കൗശലമോ ഇല്ലാത്ത ജോസ്‌ കെ. മാണി സി.പി.എമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന്‌ വെന്തുരുകാതെ യു.ഡി.എഫിലേക്ക്‌ തിരിച്ചുവരുന്നതാണ്‌ നല്ലതെന്നും കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയൽ.

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടെ സങ്കട കടലിലാണ്‌ കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌. പലതരം കയ്പേറിയതും നോവിക്കുന്നതുമായ ചെയ്തികള്‍ സിപിഎമ്മില്‍ നിന്നുണ്ടായിട്ടും പാര്‍ട്ടി പിളര്‍ത്താനും എല്‍.ഡി.എഫില്‍ ചേക്കേറാനും പ്രേരിപ്പിച്ചത്‌ സംസ്ഥാന മന്ത്രിയാകാനുള്ള ജോസ്‌ കെ. മാണിയുടെ അത്യാര്‍ത്തിയായിരുന്നവെന്നും എഡറ്റോറിയലിൽ പറയുന്നു.

വീക്ഷണം എഡിറ്റോറിയലിന്റെ പൂർണരൂപം:

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടെ സങ്കട കടലിലാണ്‌ കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌. പലതരം കയ്പേറിയതും നോവിക്കുന്നതുമായ ചെയ്തികള്‍ സിപിഎമ്മില്‍ നിന്നുണ്ടായിട്ടും പാര്‍ട്ടി പിളര്‍ത്താനും എല്‍ഡിഎഫില്‍ ചേക്കേറാനും പ്രേരിപ്പിച്ചത്‌ സംസ്ഥാന മന്ത്രിയാകാനുള്ള ജോസ്‌ കെ. മാണിയുടെ അത്യാര്‍ത്തിയായിരുന്നു.

യുഡിഎഫിനോട്‌ കൊടുംചതി കാണിച്ച്‌ എല്‍ഡിഎഫിലേക്ക്‌ പോകുമ്പോള്‍ കയ്യിലുണ്ടായിരുന്ന രാജ്യസഭ അംഗത്വം എപ്പോഴും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും നിയമസഭ തെരഞ്ഞെടുപ്പിന്‌ ശേഷം ജോസ്‌ മാണിയെ രണ്ടാമനെന്ന പരിഗണന നല്‍കി പ്രധാനവകുപ്പും സിപിഎം വാഗ്ദാനം ചെയ്തിരുന്നു.

പിതാവ്‌ കെ.എം മാണി ജീവിച്ചിരുന്ന കാലത്ത്‌ യുഡിഎഫ്‌ വിട്ടു പോയ മാണി ഗ്രൂപ്പിനെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്റെ സിറ്റിങ്‌ സീറ്റ്‌ നല്‍കുകയും പുനഃസമാഗമം സാധ്യമാക്കുകയും ചെയ്തു. മാണിയുടെ മരണശേഷം ഗ്രൂപ്പിന്റെ സര്‍വാധിപതിയായത്‌ ജോസായിരുന്നു.

യേശുവിനെ ഒറ്റുകൊടുത്ത മുപ്പത്‌ വെള്ളിക്കാശിന്റെ പാപം പൊതിഞ്ഞുനില്‍ക്കുന്ന അക്കല്‍ദാമയെപ്പോലെ ഈ രാജ്യസഭാ സീറ്റ്‌ ചതിയുടെ കറ പുരണ്ടതായിരുന്നു. അതിന്റെ കാലാവധി അവസാനിക്കുമ്പോള്‍ അത്‌ തിരികെ കിട്ടണമെന്ന്‌ ജോസ്‌ കെ. മാണിക്ക്‌ നിര്‍ബന്ധമുണ്ട്‌.

മൂന്ന്‌ സീറ്റ്‌ ഒഴിവ്‌ വരുമ്പോള്‍ രണ്ടെണ്ണം എല്‍ഡിഎഫിനും ഒന്ന്‌ യുഡിഎഫിനും ലഭിക്കും. എല്‍ഡിഎഫിന്റെ രണ്ട്‌ സീറ്റു കള്‍ രണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും രഹസ്യമായി പകുത്തെടുത്തുകഴിഞ്ഞു. ജോസ്‌ കെ. മാണിക്ക്‌ അനൗദ്യോഗികമായി ലഭിച്ച മറുപടി അടുത്ത ഒഴിവില്‍ നോക്കാമെന്നായിരുന്നു.

കോട്ടയം ലോക്സഭ സീറ്റില്‍ ചാഴികാടന്റെ തോല്‍വി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന്‌ ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതാവും. ഇൻഡ്യ മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ തനിക്കൊരു മന്ത്രിസ്ഥാനം ലഭിക്കുമെന്ന ജോസ്‌ കെ. മാണിയുടെ രഹസ്യ വിശ്വാസം പരസ്യമായിരിക്കുകയാണ്‌. ഇത്തരമൊരു മോഹവുമായി പണ്ടൊരു കേരള കോണ്‍ഗ്രസുകാരന്‍ ഡല്‍ഹിയില്‍ കറങ്ങി നടന്നിരുന്നു. തോമസ്‌ കുതിരവട്ടം. എന്നാല്‍ കെ.എം മാണിയുടെ കുശാഗ്രബുദ്ധി കുതിരവട്ടത്തിന്റെ മോഹങ്ങള്‍ തല്ലിക്കെടുത്തി.

1990-91ല്‍ കെ. ചന്ദ്രശേഖറിന്റെ മന്ത്രിസഭയില്‍ അംഗമാകാനായിരുന്നു കുതിരവട്ടം കുപ്പായം തയ്പ്പിച്ചത്‌. ദേശീയ പാര്‍ട്ടി പദവിയും ചിഹ്നവും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും ജോസ്‌ കെ. മാണിയുടെ മോഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സാധ്യമല്ല. കോണ്‍ഗ്രസിനെപ്പോലെ ഘടകകക്ഷികള്‍ക്ക്‌ കരുതലും കൈത്താങ്ങും നല്‍കാന്‍ സിപിഎം ഒരിക്കലും തയ്യാറാകില്ല.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ കൊല്ലം സീറ്റ്‌ സിപിഎം കവര്‍ന്നെടുത്തപ്പോള്‍ ഇടതുമുന്നണി വിട്ട ആര്‍എസ്‌പിക്ക്‌ അതേ സിറ്റിങ്‌ സീറ്റ്‌ നല്‍കി കോണ്‍ഗ്രസ്‌ യുഡിഎഫിലേക്കാനയിച്ചു. കോഴിക്കോട്‌ സീറ്റ്‌ ജനതാദളില്‍ നിന്നും പിടിച്ചെടുത്തപ്പോള്‍ അവര്‍ക്ക്‌ അഭയം നല്‍കിയതും കോണ്‍ഗ്രസായിരുന്നു.

ഘടകക്ഷികളുടെ ആവശ്യങ്ങള്‍ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോണ്‍ഗ്രസിനില്ല. 2011ലെ മന്ത്രിസഭയില്‍ അഞ്ചാംമന്ത്രി സ്ഥാനവും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ്‌ ആവശ്യപ്പെട്ടപ്പോള്‍ രാജ്യസഭാ സീറ്റും മുസ്ലിംലീഗിന്‌ നല്‍കിയത്‌ കോണ്‍ഗ്രസ്‌ പുലര്‍ത്തുന്ന മുന്നണി മര്യാദയുടെ ഭാഗമാണ്‌.

അരനൂറ്റാണ്ടിലേറെക്കാലം കെ.എം മാണി കേരള കോണ്‍ഗ്രസുകാരുടെ വത്തിക്കാന്‍ പോലെ കാത്തുസൂക്ഷിച്ച പാലായില്‍ ജോസ്‌ മാണി തോറ്റത്‌ കേരള കോണ്‍ഗ്രസിന്റെ ദുരന്ത ചരിത്രത്തില്‍ ഏറ്റവും കഠിനമായതാണ്‌. പ്രണയകാലത്തും മധുവിധു നാളിലും ജോസ്‌ കെ. മാണിയെ തലയിലും നിലത്തും വെയ്ക്കാതെ ലാളിച്ച സിപിഎം ആവേശമൊക്കെ ആറിത്തണുത്ത്‌ തിരയടങ്ങിയ കടല്‍പോലെ നിശ്ചലമായിരിക്കയാണ്‌. നാലു പതിറ്റാണ്ടിലേറെക്കാലം തിരുവിതാംകൂറിലെ കര്‍ഷകര്‍ക്ക്‌ അവകാശബോധത്തിന്റെയും സംഘബോധത്തിന്റെയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം മാണിയുടെ മകന് രാഷ്ട്രീയത്തിന്റെയും കര്‍ഷക രാഷ്ട്രീയത്തിന്റെയും നഴ്‌സറി പാഠങ്ങള്‍ പോലും വശമില്ല.

എതിരാളികള്‍ മനസ്സില്‍ കാണുന്നത്‌ മാനത്ത്‌ കാണുന്ന അതീവ കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു കെ.എം മാണി. അത്തരമൊരു മനസ്സോ മാനമോ കൗശലമോ ഇല്ലാത്ത ജോസ്‌ കെ. മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന്‌ വെന്തുരുകാതെ യു.ഡി.എഫിലേക്ക്‌ തിരിച്ചുവരുന്നതാണ്‌ നല്ലത്‌.

TAGS :

Next Story