Quantcast

അപ്പ ഓർമ്മയായിട്ട് 23 ദിവസം മാത്രമേ ആയിട്ടുള്ളൂ, ആ വേദന മനസ്സിലുണ്ട്; പിന്തുണയും പ്രാർഥനയും ഉണ്ടാകണമെന്ന് ചാണ്ടി ഉമ്മന്‍

എന്‍റെ അപ്പ ജീവിച്ചതത്രയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഈ നാടിനും വേണ്ടിയാണ്

MediaOne Logo

Web Desk

  • Updated:

    2023-08-09 04:48:42.0

Published:

9 Aug 2023 4:43 AM GMT

chandy oommen
X

ചാണ്ടി ഉമ്മന്‍ 

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ്. പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം പൂർണ്ണമായ ആത്മാർത്ഥതയോടെ താൻ നിറവേറ്റുമെന്ന് ചാണ്ടി പറഞ്ഞു. എന്‍റെ അപ്പ ജീവിച്ചതത്രയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഈ നാടിനും വേണ്ടിയാണ്. ജീവശ്വാസം പോലെയായിരുന്നു അപ്പയ്ക്ക് പ്രസ്ഥാനം. ആ പ്രസ്ഥാനം ഒരു ദൗത്യമേല്‍പ്പിച്ചാല്‍ അത് നിർവഹിക്കുക എന്നത് എന്‍റെയും കടമയാണെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചാണ്ടി ഉമ്മന്‍റെ കുറിപ്പ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം എന്നെ സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കയാണ്. വലിയൊരു ഉത്തരവാദിത്തമാണ് പ്രസ്ഥാനം എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്തം പൂർണ്ണമായ ആത്മാർത്ഥതയോടെ ഞാൻ നിറവേറ്റും. എന്‍റെ അപ്പ ജീവിച്ചതത്രയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഈ നാടിനും വേണ്ടിയാണ്. ജീവശ്വാസം പോലെയായിരുന്നു അപ്പയ്ക്ക് പ്രസ്ഥാനം.

ആ പ്രസ്ഥാനം ഒരു ദൗത്യമേല്‍പ്പിച്ചാല്‍ അത് നിർവഹിക്കുക എന്നത് എന്‍റെയും കടമയാണ്. അപ്പ 53 വര്‍ഷത്തോളം പുതുപ്പള്ളിയുടെ ജന പ്രതിനിധിയായിരുന്നു. പുതുപ്പള്ളിയിലെ ഓരോ ആളുകളുടെയും സുഖത്തിലും ദുഃഖത്തിലും അദ്ദേഹം ഉണ്ടായിരുന്നു. അപ്പയെ പോലൊരു വലിയ മനുഷ്യനാവാൻ സാധിക്കില്ലെങ്കിലും അദ്ദേഹം കാട്ടിയ വഴിയിലൂടെ സഞ്ചരിക്കാനും പുതുപ്പള്ളിയുടെ ജീവൽ പ്രശ്നങ്ങൾ തൊട്ടറിയാനും സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

തികച്ചും രാഷ്ട്രീയമായ ഉപതെരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിൽ നടക്കുക. കഴിഞ്ഞ ഏഴ് വർഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും അത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങൾ വിചാരണ ചെയ്യാനുള്ള അവസരം കൂടിയാണ് പുതുപ്പള്ളികാർക്ക് ഈ തെരഞ്ഞെടുപ്പ്. വ്യക്തിപരമായി എന്‍റെ ജീവിതത്തിൽ, വലിയൊരു ആഘാതമേറ്റ സമയത്താണ് പ്രസ്ഥാനം ഏല്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.

അപ്പ ഓർമ്മയായിട്ട് 23 ദിവസം മാത്രമേ ആയിട്ടുള്ളൂ. ആ വേദന മനസ്സിലുണ്ട്. ആ ഓർമ്മകൾക്കൊപ്പം, രാഷ്ട്രീയമോ, ദേശമോ പരിചയമോ ഇല്ലാത്തവരുൾപ്പെടെ ലക്ഷക്കണക്കിന് മനുഷ്യർ അനുദിനം നൽകുന്ന മാനസിക പിന്തുണയുമാണ് മുന്നോട്ടുള്ള ഊർജം. ആത്യന്തിക വിധി കർത്താക്കൾ ജനങ്ങളാണെന്ന് അപ്പ എപ്പോഴും പറയുമായിരുന്നു..നിങ്ങളുടെ എവരുടെയും പിന്തുണയും പ്രാർത്ഥനകളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

TAGS :

Next Story