കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി; 97 നേതാക്കള്‍ക്കു നോട്ടീസ്
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ സമതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇലക്ഷന്‍ സംബന്ധിച്ച് വിവിധ തലങ്ങളില്‍ നിന്നും ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികള്‍ പ്രത്യേകമായി പരിശോധിക്കും.
ഘടകകക്ഷികള്‍ മത്സരിച്ച ചവറ, കുന്നത്തൂര്‍, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച കായംകുളം, അടൂര്‍, പീരുമേട്, തൃശ്ശൂര്‍, ബാലുശ്ശേരി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് തോല്‍വി കൂടുതല്‍ വിശദമായി വിലയിരുത്താന്‍ കെ മോഹന്‍കുമാര്‍ മുന്‍ എംഎല്‍എ, പിജെ ജോയി മുന്‍ എംഎല്‍എ, കെപി ധനപാലന്‍ മുന്‍ എംപി എന്നിവരെ ചുമതലപ്പെടുത്തി. സ്ഥാനാര്‍ഥികള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് മാറിനില്‍ക്കുന്നതും സജീവമായി പ്രവര്‍ത്തിക്കാത്തതും കര്‍ശനമായി വിലയിരുത്തി നടപടികളുമായി മുന്നോട്ട് പോകും.
സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കുന്നതല്ല. നേതാക്കളുടെ സേവ പിടിച്ച് ആര്‍ക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ല.പാര്‍ട്ടിയുടെ നന്മക്കായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കെപിസിസി പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
Adjust Story Font
16