'വാക്സിന്‍ വിതരണത്തില്‍ ക്രമക്കേട്'; കൊല്ലം ആരോഗ്യ കേന്ദ്രത്തിൽ കോൺഗ്രസ് പ്രതിഷേധം
സി.പി.എം അനുഭാവികൾക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വാക്സിൻ നൽകുന്നു എന്നായിരുന്നു ആരോപണം
കോവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേടാരോപിച്ച് കൊല്ലം നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ കൈയേറ്റം ചെയ്തെന്നാരോപിച്ച് ആരോഗ്യ കേന്ദ്രത്തിൻ്റെ ചുമതലയുള്ള ഡോക്ടർ പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ പരാതിയിൽ വനിതാ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു.
നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണത്തെ പറ്റി ദീർഘനാളായി നില നിൽക്കുന്ന പരാതികളുടെ തുടർച്ചയായിരുന്നു കോൺഗ്രസിൻ്റെ പ്രതിഷേധം. സി.പി.എം അനുഭാവികൾക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വാക്സിൻ നൽകുന്നു എന്നാരോപിച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിനീതയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇതിനിടെ ആരോഗ്യ വകുപ്പിൻ്റെ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കാനായി ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർ ശശി രാധാകൃഷ്ണൻ ശ്രമിച്ചു. ഈ സമയം കോൺഗ്രസ് പ്രവർത്തകർ തൻ്റെ മൊബൈൽ ഫോണും ഹെഡ്സെറ്റും വലിച്ചെറിഞ്ഞെന്നും പിടിവലിയിൽ കൈയ്ക്ക് പരുക്കേറ്റെന്നുമാണ് ഡോക്ടറുടെ ആരോപണം.
പിന്നീട് പൊലീസെത്തി കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കം ജാമ്യമില്ലാ വകുപ്പികളാണ് കോണ്ഗ്രസ് പ്രവർത്തകർക്ക് എതിരെ ചുമത്തിയത്. ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
എന്നാൽ ഡോക്ടർക്കെതിരെ കൈയേറ്റം ഉണ്ടായിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കൊല്ലം ജില്ലയിൽ മിക്കയിടത്തും വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതത്തെ പറ്റി പരാതികൾ വ്യാപകമാണ്.
Adjust Story Font
16