കാസർകോട്ട് സി.പി.എം പിന്തുണയോടെ കോൺഗ്രസ് വിമത സ്ഥാനാർഥിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു
കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പാർട്ടിയുടെ മുഴുവൻ അംഗങ്ങളും വിമതനെ പിന്തുണക്കുകയായിരുന്നു
കാസർകോട്: ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ കോൺഗ്രസ് വിമത സ്ഥാനാർഥി പ്രസിഡന്റായി തെരഞ്ഞെടുത്തു. കോൺഗ്രസിന്റെ ഏഴ് അംഗങ്ങൾക്ക് പുറമെ രണ്ട് സി.പി.എം അംഗങ്ങളും വിമത സ്ഥാനാർഥിയായി മത്സരിച്ച ജോസഫ് മുത്തോലിക്ക് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പാർട്ടിയുടെ മുഴുവൻ അംഗങ്ങളും വിമതനെ പിന്തുണക്കുകയായിരുന്നു. കോൺഗ്രസിൽ നിന്ന് അകന്ന് ഒരു വിഭാഗം ഡി.ഡി.എഫ് രൂപീകരിച്ചിരുന്നു. ഡി.ഡി.എഫ് പ്രതിനിധിയായ ജെയിംസ് പന്തമാക്കൽ ആയിരുന്നു നേരത്തെ പ്രസിഡന്റ്. ഡി.ഡി.എഫ്-കോൺഗ്രസ് ലയനത്തെ തുടർന്ന് ജെയിംസ് പന്തമാക്കൽ രാജിവെച്ചു. ഇതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റ് സ്ഥാനാർഥിയായി കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യപിച്ചത് നേരത്തെ ഡി.ഡി.എഫ് അംഗമായിരുന്ന വിനീത് പി ജോസഫിനെയായിരുന്നു. ഇതിലുള്ള വിരോധമാണ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ അംഗങ്ങൾ തീരുമാനിച്ചത്. ഡി.ഡി.എഫിനും കോൺഗ്രസിനും ഏഴ് വീതം അംഗങ്ങളും സി.പി.എമ്മിന് രണ്ട് അംഗങ്ങളുമാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലുള്ളത്. കോൺഗ്രസ് വിമത സ്ഥാനാർഥിക്ക് കോൺഗ്രസിന്റെ ഏഴ് അംഗങ്ങളുടെയും രണ്ട് സി.പി.എം അംഗങ്ങളുടെയും അടക്കം അകെ വോട്ട് ലഭിച്ചു. കോൺഗ്രസ്സ് സ്ഥാനാർഥിക്ക് നേരത്തെ ഡി.ഡി.എഫിൽ മത്സരിച്ച് ജയിച്ച ഏഴ് അംഗങ്ങളുടെയും വോട്ട് ലഭിച്ചു. ഡി.ഡി.എഫ്-കോൺഗ്രസ് ലയനത്തിന് മുൻപ് സി.പി.എം പിന്തുണയോടെ സി.ഡി.എഫിന്നായിരുന്നു ഭരണം.
Adjust Story Font
16