സ്ഥാനാർഥിനിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്; സ്ക്രീനിംഗ് കമ്മിറ്റി യോഗം ഇന്ന്
സിറ്റിംഗ് എം.പിമാരിൽ ആരെയും മാറ്റേണ്ടതില്ലെന്ന അഭിപ്രായമായിരിക്കും സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വം മുന്നോട്ടുവെയ്ക്കുക
ഡല്‍ഹി: കോൺഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ചകളുടെ ഭാഗമായി ഇന്ന് സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവർ പങ്കെടുക്കുന്ന യോഗം ഇന്ന് കെ.പി.സി.സി ആസ്ഥാനത്താണ് ചേരുക. ഇതിനിടെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട സംസ്ഥാന നേതൃത്വത്തിന്‍റെ പ്രാഥമികഘട്ട ചർച്ചകൾ ഇന്നലെ രാത്രി വൈകിയും തലസ്ഥാനത്ത് നടന്നു.
സിറ്റിംഗ് എം.പിമാരിൽ ആരെയും മാറ്റേണ്ടതില്ലെന്ന അഭിപ്രായമായിരിക്കും സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വം മുന്നോട്ടുവെയ്ക്കുക. സിറ്റിംഗ് എം.പിമാരുള്ള മണ്ഡലങ്ങളിൽ വയനാട്ടിലും കണ്ണൂരിലുമായിരുന്നു നേരത്തെ അനിശ്ചിതത്വം നിന്നിരുന്നത്. ഇതിൽ കണ്ണൂരിൽ മത്സരിക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതോടെ രാഹുൽ ഗാന്ധി എം.പിയായ വയനാട്, കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമായി ആശയക്കുഴപ്പം. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് മുസ്‍ലിം പ്രാതിനിധ്യം ഉറപ്പിക്കാനായി മാറ്റിവെയ്ക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ കെ.പി നൗഷാദലിക്കാണ് മുന്‍തൂക്കം.
പി.എം നിയാസ്, ആര്യാടൻ ഷൗക്കത്ത് എന്നിവരും സജീവ പരിഗണനയിലുണ്ട്. ഇങ്ങനെ വന്നാൽ ആലപ്പുഴയിൽ സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നത് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വരണമെന്നാണ്. എന്നാൽ നിലവിൽ അദ്ദേഹത്തിന്റെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് നഷ്ടമാകുമെന്ന ഭയം കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. അതിനാല്‍ ചര്‍ച്ചകള്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിലേക്ക് നീങ്ങാനാണ് സാധ്യത. ഇനി രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ കാര്യങ്ങൾ ആകെ മാറും. ആലപ്പുഴ മുസ്ലീം പ്രാതിനിധ്യത്തിനായി മാറ്റിവെയ്ക്കേണ്ടി വരും. യു.ഡി.എഫ് കൺവീനർ എം.എം ഹസന്‍, എ.എ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരിലൊരാളാവും സ്ഥാനാര്‍ഥി. ഈ പ്രശ്നം പരിഹരിച്ച് മാർച്ച് രണ്ടിനുള്ളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചേർന്ന് സ്ഥാനാർഥികളെ ഡൽഹിയിൽ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് ഇന്ന് നടക്കുക.
Adjust Story Font
16