പൊലീസ് നടപടിയിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ഇന്ന് പന്തം കൊളുത്തി പ്രകടനം
കോൺഗ്രസ് നേതാക്കൾ സംസാരിച്ച സ്റ്റേജിന് പിന്നിലാണ് ടിയർ ഗ്യാസുകൾ വന്ന് വീണത്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി
തിരുവന്തപുരം: ഡിജിപി ഓഫീസ് മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.
"സിപിഎം ക്രിമിനലുകളും പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താൻ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ച് ഡിസംബർ 23 ന് (ഇന്ന്)വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തും". കെപിസിസി പ്രസ്താവനയിൽ പറഞ്ഞു.
കെപിസിസിയുടെ നേതൃത്വത്തിലുള്ള ഡിജിപി മാർച്ചിനിടെ വി.ഡി സതീശൻ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഘർഷം. കോൺഗ്രസ് നേതാക്കൾ സംസാരിച്ച സ്റ്റേജിന് പിന്നിലാണ് പൊലീസിന്റെ ടിയർ ഗ്യാസുകൾ വന്ന് വീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി. ജലപീരങ്കി പ്രയോഗിച്ചതോടെ സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു.
സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കുൾപ്പടെ പരിക്കേറ്റിട്ടുണ്ട്. പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മീഡിയവൺ ക്യാമറാമാൻ സിജോ സുധാകരനും സംഘർഷത്തിൽ പരിക്കുണ്ട്.
Adjust Story Font
16