'സംസ്ഥാനത്ത് പൊലീസ് രാജ്'; കോതിയിലെ മാലിന്യ പ്ലാന്‍റിനെതിരായ സമരത്തിന് കോൺഗ്രസ് പിന്തുണ
ജനകീയ സമരങ്ങൾക്ക് നേരെ പൊലീസിന്‍റെ കാലുയരുന്നത് നിത്യസംഭവമാവുകയാണെന്ന് പ്രതിപക്ഷ നേതാവ്
കോഴിക്കോട്: മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സംഘര്‍ഷം നടന്ന കോഴിക്കോട് കോതി, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും സന്ദര്‍ശിച്ചു. സമരത്തിന് കോണ്‍ഗ്രസ് പിന്തുണയുണ്ടാകുമെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി. ജനകീയ സമരങ്ങൾക്ക് നേരെ പൊലീസിന്‍റെ കാലുയരുന്നത് നിത്യസംഭവമാവുകയാണെന്നും സംസ്ഥാനത്ത് പൊലീസ് രാജാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
കോതിയില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാലിന്യ പ്ലാന്‍റിനുവേണ്ടി സ്ഥലമളക്കാൻ ഉദ്യേഗസ്ഥരെത്തിയപ്പോഴായിരുന്നു നാട്ടുകാരും പൊലീസും തമ്മില്‍ സംഘർഷമുണ്ടായത്. ഇതിനുപിന്നാലെ 10 സ്ത്രീകളടക്കം നാൽപ്പതിലധികം പരിസരവാസികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
കനത്ത പൊലീസ് കാവലിലാണ് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ കോതിയിലെത്തിയത്. പ്ലാന്റിനായുള്ള സ്ഥലം അളക്കുന്നതിനിടെ പ്രതിഷേധം തുടങ്ങി, പിന്നാലെ വൃദ്ധരും സ്ത്രീകളുമടക്കമുള്ളവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിഷേധിച്ചവരെ നീക്കിയതിന് ശേഷം സ്ഥലം അളന്ന് തിരിക്കുന്ന ജോലികൾ ഉദ്യോഗസ്ഥർ തുടരുന്നതിനിടെ നിർമാണ സാധനങ്ങളുമായെത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. ഇതേതുടര്‍ന്ന് വീണ്ടും പൊലീസ് നടപടിയുണ്ടായി. ഇതിനിടയിൽ ഒരു സ്ത്രീ കുഴഞ്ഞ് വീഴുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം സ്ഥലത്ത് ഷീറ്റ് കെട്ടാനുള്ള ശ്രമവും നാട്ടുകാർ തടഞ്ഞു. ഇതോടെ ഷീറ്റുമായി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
Adjust Story Font
16