കലാപം അടങ്ങാതെ കോണ്‍ഗ്രസ്; അണിയറ നീക്കം ശക്തമാക്കി എ, ഐ ഗ്രൂപ്പുകൾ
തങ്ങളുടെ പ്രതിഷേധം പരിഗണിക്കാതെ പ്രഖ്യാപനം ഉണ്ടായാൽ നിസഹകരണമടക്കമുള്ള രീതികൾ വേണമെന്ന നിലപാട് ഗ്രൂപ്പുകൾക്കുള്ളിലുണ്ട്.
ഡി.സി.സി അധ്യക്ഷൻമാരുടെ പ്രഖ്യാപനം വേഗത്തിൽ ഉണ്ടാകുമെന്ന സൂചനകൾ പുറത്ത് വന്നതോടെ അണിയറ നീക്കം ശക്തമാക്കി എ.ഐ ഗ്രൂപ്പുകൾ .തങ്ങളുടെ പ്രതിഷേധം പരിഗണിക്കാതെ പ്രഖ്യാപനം ഉണ്ടായാൽ നിസഹകരണമടക്കമുള്ള രീതികൾ വേണമെന്ന നിലപാട് ഗ്രൂപ്പുകൾക്കുള്ളിലുണ്ട്. നിലവിലെ സാഹചര്യം രാഹുൽ ഗാന്ധിയെ കെ.പി.സി.സി നേതൃത്വം ധരിപ്പിക്കും.
അനുനയ നീക്കങ്ങൾ എങ്ങുമെത്തിയില്ല. വേണ്ടത്ര കൂടിയാലോചന നടത്താതെ ഡി.സി.സി അധ്യക്ഷ പട്ടിക സമർപ്പിച്ച കെ. സുധാകരന്‍റെ നടപടി വഞ്ചനയാണെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ . കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും കൂടിക്കാഴ്ചയ്ക്കായി ഇനി ഡൽഹിക്ക് വിളിപ്പിക്കാൻ സാധ്യതയില്ലെന്ന് ഗ്രൂപ്പുകൾ കരുതുന്നു. കെ.സുധാകരനും വി.ഡി സതീശനും പുറമേ കെ.സി വേണുഗോപാലിനോടും ഇവർക്ക് രോഷമുണ്ട്. എന്നാൽ പുറമേക്ക് പ്രകടിപ്പിക്കാൻ തയ്യാറല്ല.
അവസാന നിമിഷം ഹൈക്കമാൻഡ് ഇടപെടൽ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട് ഗ്രൂപ്പ് മാനേജർമാർ . അതേസമയം ഇന്ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ സുധാകരനും വി.ഡി സതീശനും കാര്യങ്ങൾ ധരിപ്പിക്കും. വേണ്ടി വന്നാൽ മുതിർന്ന നേതാക്കളുമായി പ്രഖ്യാപനത്തിന് മുമ്പ് ഫോണിൽ രാഹുൽ ഗാന്ധി സംസാരിക്കണമെന്ന നിർദേശവും ഇവർ മുന്നോട്ട് വെയ്ക്കാനിടയുണ്ട്.പ്രഖ്യാപനം നീളുന്നത് ഗുണകരമാവില്ലെന്ന നിലപാടിലാണ് സുധാകരനടക്കമുള്ളവർ. ഡി.സി.സി അധ്യക്ഷൻ മാരെ പ്രഖ്യാപിക്കുന്നത് വൈകില്ലെന്നാണ് ഹൈക്കമാൻഡും നൽകുന്ന സൂചന. പക്ഷേ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങാനും ഹൈക്കമാൻഡ് തയ്യാറല്ല.
Adjust Story Font
16