വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സി.പി.എം അല്ല: എം.വി ഗോവിന്ദൻ
ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയതാരാണങ്കിലും അത് പുറത്തു കൊണ്ട് വരുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
തിരുവനന്തപുരം: ആർഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗൂഢാലോചന നടത്തിയതാരാണങ്കിലും അത് പുറത്തു കൊണ്ട് വരുമെന്നും ആർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യക്കെതിരായ കേസിൽ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ഗോവിന്ദൻ വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സി.പി.എം അല്ലെന്നും പറഞ്ഞു.
സോളാർ കേസിലെ സി.ദിവാകരന്റെ പരാമർശം സി.പി.ഐ തന്നെ ദിവാകരനെ തള്ളിയിട്ടുണ്ടെന്നും സോളാർ കമ്മീഷനെ നിയമിച്ചത് യു.ഡി.എഫ് ആണെന്നും പറഞ്ഞ ഗോവിന്ദൻ സോളാറിൽ എന്ത് സംഭവിച്ചു എന്ന് ജനങ്ങൾക്കറിയാമെന്നും ഇക്കാര്യത്തിൽ സിപിഎം മാപ്പ് പറയേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.
'കോൺഗ്രസിൽ ഗ്രൂപ്പ് വഴക്ക് പണ്ടേ ഉണ്ട്, പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയുന്നില്ല. ഹൈക്കമാന്‍റ് സച്ചിനെ മെരുക്കുകയാണ്'- എം.വി ഗോവിന്ദൻ.
അതേ സമയം കെ.വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ കാലടി സർവകലാശാലയുടെ അന്വേഷണം ഇന്ന് ആരംഭിച്ചേക്കും. സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയും സര്‍വകലാശാ ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്.
സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചാണോ വിദ്യയുടെ പ്രവേശനം നടന്നത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ഉടൻ ശേഖരിക്കും.2019ലാണ് വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയില്‍ പി എച്ച് ഡി പ്രവേശനം നേടിയത്. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് സീറ്റ് നല്‍കിയതെന്നാരോപിച്ച് അക്കാലയളവില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേസമയം വിദ്യ മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ അഗളി, നീലേശ്വരം പൊലീസ് സംഘങ്ങളുടെ അന്വേഷണം തുടരുന്നു. കഴിഞ്ഞ അക്കാദമിക് വർഷം കരിന്തളം ഗവ. കോളേജിൽ ചുമതലമുണ്ടായിരുന്ന പ്രിൻസിപ്പാളിന്‍റെ മൊഴി നീലേശ്വരം പൊലീസ് ഇന്ന് രേഖപ്പെടുത്തും. അഗളി പൊലീസ് അടപ്പാടി കൊളജ് പ്രിൻസിപ്പൾ ഉൾപെടെയുള്ള അധ്യാപകരുടെ മൊഴി എടുക്കും. പൊലീസ് ജാമ്യമില്ല വകുപ്പു പ്രകാരം കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ കെ വിദ്യയെ കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. വിദ്യ കാലടി സർവകലാശാല ക്യാമ്പസിൽ ഉണ്ടെന്നും വിദ്യയെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും കെ.എസ്.യു അറിയിച്ചു.
Adjust Story Font
16